സമൂഹത്തിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി പോരാടിയ മഹാനായിരുന്നു അയ്യൻകാളിയെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരള പുലയർ മഹാസഭ മീനച്ചിൽ യൂണിയൻ സംഘടിപ്പിച്ച അവിട്ടാഘോഷം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുറ്റും നടമാടിയ ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്നത് അയ്യൻകാളിയുടെ സ്വരമായിരുന്നുവെന്നും എം എൽ എ ചൂണ്ടിക്കാട്ടി. യൂണിയൻ പ്രസിഡൻ്റ് എം കെ ബിന്ദുമോൾ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ്, കെ കെ കൃഷ്ണകുമാർ, പി എം ജോസഫ്, ബിനീഷ് ഭാസ്ക്കർ, രമേശൻ മേക്ക്നാമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ചു കൊട്ടാരമറ്റം മുതൽ സമ്മേളന നഗരിയായ ളാലം ജംഗ്ഷൻ വരെ സാംസ്ക്കാരിക ഘോഷയാത്രയും നടത്തി.