പാലാ: പൈക ഗവൺമെൻ്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് മാത്തച്ചൻ എം കുരുവിനാൽകുന്നേലിൻ്റെ പേര് നൽകാനാവില്ലെന്ന് ആരോഗ്യവകുപ്പ് മാണി സി കാപ്പൻ എം എൽ എ യെ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് മാണി സി കാപ്പൻ എം എൽ എ 2021 ൽ ആരോഗ്യമന്ത്രി വീണാ ജോർജിനു നിവേദനം നൽകിയിരുന്നു.
പൊതുജന താത്പര്യം മുൻനിർത്തിയാണ് എം എൽ എ ഈ നിവേദനം നൽകിയത്. ഇത് സംബന്ധിച്ചു മാണി സി കാപ്പന് നിവേദനങ്ങളും ലഭിച്ചിരുന്നു.
പൈക ടൗണിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻ്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ രണ്ടേക്കറിലധികം സ്ഥലം സൗജന്യമായി വിട്ടു നൽകിയത് മാത്തച്ചൻ എം കുരുവിനാക്കുന്നേൽ ആയിരുന്നു.
നിസ്വാർത്ഥ പൊതുപ്രവർത്തകനായിരുന്ന മാത്തച്ചൻ കുരുവിനാന്നേലിൻ്റെ സ്മരണ നിലനിർത്തുന്നതിനും പുതുതലമുറയ്ക്കു മാതൃകയാകുന്നതിനും വേണ്ടിയാണ് പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മാത്തച്ചൻ എം കരുവിനാക്കുന്നേലിൻ്റെ പേര് നൽകണമെന്ന നിർദ്ദേശം ഉന്നയിച്ചതെന്ന് മാണി സി കാപ്പൻ പറഞ്ഞു. സർക്കാർ നടപടി വേദനിപ്പിച്ചെന്നും മാണി സി കാപ്പൻ പറഞ്ഞു. പേര് നൽകാനുള്ള ശ്രമം തുടരുമെന്നും എം എൽ എ അറിയിച്ചു.










