Hot Posts

6/recent/ticker-posts

സ്കൂൾ പ്രവേശന പ്രായം ആറാക്കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കില്ല; ഒന്നാം ക്ലാസിന് 5 വയസ്സു തന്നെ




സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ് നാട്ടിൽ കാലങ്ങളായി നിലനിൽക്കുന്ന രീതി. 



സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർധിപ്പിക്കാൻ കഴിയൂ. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. 


ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡം നടപ്പാക്കണമെന്നു നിർദേശിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു. എന്നാൽ ‘നിർബന്ധമായും നടപ്പാക്കണ’മെന്നു കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ നിർദേശിച്ചാൽ പരിഗണിക്കാമെന്നുമാണ് സംസ്ഥാന നിലപാട്. 



കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്കൂളിങ്‌ 6.7 വർഷമാണ്. കേരളത്തിലാണെങ്കിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


കേന്ദ്ര വിദ്യാഭ്യാസ നയം ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. കേരളത്തിൽ നിലവിലെ രീതി മാറ്റേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നുണ്ട്. കൊഴിഞ്ഞുപോക്കു കുറവാണ്. അങ്കണവാടി, പ്രീപ്രൈമറി സംവിധാനങ്ങളും കാര്യക്ഷമമാണ്. 



പ്രായപരിധി പെട്ടെന്ന് 6 വയസ്സാക്കിയാൽ ആ വർഷം ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലേറെ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. സംസ്ഥാനത്തെ കേന്ദ്ര സിലബസ് സ്കൂളുകളിലുൾപ്പെടെ അടുത്തവർഷത്തെ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. 5 വയസ്സുള്ള കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നുമുണ്ട്.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ
സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി