Hot Posts

6/recent/ticker-posts

ലോകകപ്പ് ക്രിക്കറ്റ് ഒക്ടോബർ 5 മുതൽ, ഫൈനല്‍ നവംബര്‍ 19ന്



ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യമരുളുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിലേറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് മത്സരം.



ലോകകപ്പിന് വേദിയാകുമെന്ന് കരുതപ്പെട്ട തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാന മത്സരങ്ങള്‍ നടക്കില്ല. 10 പ്രധാന വേദികളുടെ പട്ടികയില്‍ തിരുവനന്തപുരം ഉള്‍പ്പെട്ടില്ല. തിരുവനന്തപുരത്ത് പരിശീലന മത്സരങ്ങള്‍ നടക്കും. തിരുവനന്തപുരവും ഗുവാഹാട്ടിയും ഹൈദരബാദുമാണ് പരിശീലനമത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങള്‍ നടക്കുന്നത്.


ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനും നവംബര്‍ 19 ന് നടക്കുന്ന ഫൈനലിനും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ആകെ 10 വേദികളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ചെന്നൈ, ലഖ്‌നൗ, പുണെ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അതില്‍ ഹൈദരാബാദ് പരിശീലന മത്സരങ്ങള്‍ക്കും വേദിയാകും.


ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. അതില്‍ എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകള്‍ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒന്‍പത് ടീമുകളുമായി റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ കളിക്കും. ആദ്യ നാലില്‍ വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും.


ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഒക്ടോബര്‍ 15 ന് നടക്കും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടങ്ങള്‍ നവംബര്‍ 12 ന് അവസാനിക്കും. 



ആദ്യ സെമി നവംബര്‍ 15 ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊല്‍ക്കത്തയിലും നടക്കും. അവസാനമായി 2011-ലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്ന് ഇന്ത്യ തന്നെയാണ് കിരീടം നേടിയത്.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ