Hot Posts

6/recent/ticker-posts

മീനച്ചില്‍-മലങ്കര കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ

കുടിവെള്ള  പദ്ധതിയ്ക്കായി എത്തിച്ച പൈപ്പുകൾ

കോട്ടയം: കേരള ജല അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ 1243 കോടി രൂപയുടെ മീനച്ചില്‍-മലങ്കര പദ്ധതി നിര്‍മാണത്തിന് തുടക്കമാകുന്നു.  ജലജീവന്‍ മിഷനു കീഴില്‍ മലങ്കര ഡാം ജലസ്രോതസ്സാക്കി പാലാ, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍പ്പെട്ട 13 പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന  മീനച്ചില്‍-മലങ്കര പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 21ന് ജലവിഭവ വകുപ്പ്  മന്ത്രി  റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. 


വാട്ടര്‍ അതോറിറ്റിയുടെ പുതിയ മലങ്കര-മീനച്ചില്‍ പ്രോജക്ട് ഡിവിഷന്‍ പ്രഖ്യാപനവും മന്ത്രി നടത്തും. ഉച്ചയ്ക്ക് മൂന്നു മണിക്ക് പാലാ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍  മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് മുഖ്യപ്രഭാഷണവും ജോസ് കെ. മാണി എം.പി ആമുഖ പ്രഭാഷണവും നടത്തും. 





പദ്ധതി അടങ്കലിന്റെയും പദ്ധതി ഘടകങ്ങളുടെയും വിതരണശൃംഖലയുടെയുമെല്ലാം അടിസ്ഥാനത്തില്‍ ജല അതോറിറ്റി അതിന്റെ ചരിത്രത്തില്‍ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് മീനച്ചില്‍-മലങ്കര പദ്ധതി എന്നതാണു പ്രത്യേകത. 2085 കിലോമീറ്റര്‍ പൈപ്പ്‌ലൈനും 154 ടാങ്കുകളും ഒറ്റ പദ്ധതിക്കുള്ളില്‍ വരുന്നു എന്നതു തന്നെ അപൂര്‍വതയാണ്. 



പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 24525 കണക്ഷനും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലായി 17705 കണക്ഷനും ഉള്‍പ്പെടെ 42230 കുടിവെള്ള കണക്ഷനുകള്‍ പദ്ധതി വഴി നല്‍കാന്‍ കഴിയും. കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ 700 കോടിയുടെ ജൈക്ക പദ്ധതിയാണ് ഇതിനു മുന്‍പ് ജല  അതോറിറ്റി നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതി. 

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ തിടനാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ എന്നീ അഞ്ചു പഞ്ചായത്തുകള്‍ക്കും  പാലാ നിയോജക മണ്ഡലത്തിലെ കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, മീനച്ചില്‍, ഭരണങ്ങാനം, തലപ്പലം, തലനാട് എന്നീ എട്ടു പഞ്ചായത്തുകള്‍ക്കും  വേണ്ടിയാണ് ഈ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മലങ്കര ഡാമിന് സമീപം മുട്ടം വില്ലേജിലെ മാത്തപ്ലാറയില്‍ ഫ്ളോട്ടിംഗ് പമ്പ് ഹസ് നിര്‍മ്മിച്ച് മലങ്കരഡാമില്‍ നിന്ന്  പദ്ധതിക്കാവശ്യമായ അസംസ്‌കൃത ജലം പമ്പ് ചെയ്തു ശേഖരിക്കുന്നു. മുട്ടം വില്ലേജില്‍ വള്ളിപ്പാറയ്ക്കു സമീപം  ബൂസ്റ്റിംഗ് സ്റ്റേഷന്‍ നിര്‍മിച്ച് ഒരു ഘട്ടം കൂടി ബൂസ്റ്റ് ചെയ്ത് കടനാട് പഞ്ചായത്തിലെ നീലൂരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 45 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയിലേക്കെത്തിക്കുന്നു. ഈ ജലശുദ്ധീകരണ ശാലയില്‍  ഉല്‍പാദിപ്പിക്കുന്ന കുടിവെള്ളം വിവിധ പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നു. 

നീലൂര്‍ ജലശുദ്ധീകരണശാലയില്‍ നിന്ന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ  അഞ്ചു പഞ്ചായത്തുകളിലേക്കും പാലാ നിയോജക മണ്ഡലത്തിലെ തലനാട് പഞ്ചായത്തിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നതിനായി 700 എം.എം. ഡിഐ പൈപ്പ് 20 കി.മീ. സ്ഥാപിച്ച് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വെട്ടിപ്പറമ്പിന് സമീപം 25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയിലേക്ക് ഗ്രാവിറ്റിയിലൂടെ എത്തിക്കുന്നു. തുടര്‍ന്ന്  ഈ സംഭരണിയില്‍ നിന്ന് പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തലനാട്, തിടനാട്, തീക്കോയി എന്നീ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നു.

ജലശുദ്ധീകരണ ശാലയില്‍ നിന്നും 450 എംഎം  ഡിഐ പൈപ്പ് വഴി കടനാട്, രാമപുരം പഞ്ചായത്തിലേക്കും 200 എംഎം  ഡിഐ  പൈപ്പ് വഴി മേലുകാവ്, മൂന്നിലവ് പഞ്ചായത്തിലേക്കും 350 എംഎം  ഡിഐ  പൈപ്പ് വഴി ഭരണങ്ങാനം, മീനച്ചില്‍ പഞ്ചായത്തിലേക്കും 200എംഎം  ഡിഐ  പൈപ്പ് വഴി തലപ്പലം പഞ്ചായത്തിലേക്കും ശുദ്ധജലമെത്തിക്കുന്നു. പതിമൂന്നു പഞ്ചായത്തുകളിലുമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന ജലസംഭരണികളില്‍ കുടിവെള്ളം ശേഖരിച്ച്, പുതിയതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി കുടിവെള്ളം വിതരണം ചെയ്യുന്നു. ജലജീവന്‍ മിഷന്‍ പദ്ധതി വഴി 13 പഞ്ചായത്തുകളിലെയും നിലവില്‍ കുടിവെള്ള കണക്ഷനുകള്‍ ഇല്ലാത്ത എല്ലാ വീടുകള്‍ക്കും  ടാപ്പ് മുഖേന ശുദ്ധജലം എത്തിക്കും.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍