ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നിർണായക സംഘടന രംഗമാണ് ഇതെന്നാണ് സൂചന. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു ചിത്രത്തിന് ഭദ്രൻ മാട്ടേൽ ആക്ഷൻ പറയുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ഭദ്രനൊപ്പം ഒരു ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള മാത്യൂസിന്‍റെ ആദ്യ ചിത്രമാണ് ഒറ്റക്കൊമ്പൻ.
ഒറ്റക്കൊമ്പന്‍റെ രണ്ടാംഘട്ട ചിത്രീകരണം പാലാ, മുണ്ടക്കയം, തൊടുപുഴ പ്രദേശങ്ങളിലായി പുരോഗമിക്കുകയാണ്. ഇന്ദ്രജിത്ത്, വിജയ രാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിങ്, മേഘ്ന രാജ് തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അഭിനയ നായികയാകും. സുരേഷ് ഗോപിയുടെ 250-ാം ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പനിൽ കടുവാക്കുന്നേൽ കുറുവച്ചനായാണ് താരം എത്തുന്നത്. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. വി സി പ്രവീൺ, ബൈജു ഗോപാലൻ കൃഷ്ണമൂർത്തി എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാകുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ഷിബിൻ ഫ്രാൻസിസാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

