പാലാ: മലയാളികൾ പാലായുടെ പ്രതീകമായി കെ എം മാണിയെയാണ് എക്കാലവും കാണുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്ന കെ എം മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന കർഷക, കർഷക തൊഴിലാളി അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷക രാഷ്ട്രീയം രാഷ്ട്രീയ കക്ഷികൾ അജണ്ടയിൽ ഉൾപ്പെടുത്തിയത് കെ.എം.മാണിയുടെ കർഷക പക്ഷ ഇടപെടലിനെ തുടർന്നാണെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. ജോജി എബ്രഹാം ചക്കുകുളത്ത്, ജസ്റ്റിൻ സഖറിയാസ് കാഞ്ഞിരത്തുങ്കൽ എന്നിവർ കർഷക അവാർഡും, ഭവാനി അയ്യപ്പൻ മൂലേപ്പറമ്പിൽ കർഷകത്തൊഴിലാളി അവാർഡും മന്ത്രി റോഷി അഗസ്റ്റ്യനിൽ നിന്നും ഏറ്റുവാങ്ങി.
പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ജോസ് കെ മാണി എം പി വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 2017, 2021 വർഷങ്ങളിൽ സംസ്ഥാന ഗവൺമെന്റിന്റെ യുവ കർഷക അവാർഡ് നേടിയ മാത്തുക്കുട്ടി ടോമിനെ പുരസ്കാരം നൽകി ആദരിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ തോമസ് പീറ്റർ, മുൻ പി എസ് സി മെമ്പർമാരായ പ്രൊഫ. ലോപ്പസ് മാത്യു, വി റ്റി തോമസ്, വാർഡ് കൗൺസിലർ ബിജി ജോജോ, കാഞ്ഞിരപ്പള്ളി ബാങ്ക് പ്രസിഡണ്ട് സാജൻ തൊടുക, പാലാ അർബ്ബൻ ബാങ്ക് പ്രസിഡണ്ട് സി പി ചന്ദ്രൻ നായർ, കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം എസ് ശശിധരൻ നായർ, ബാങ്ക് വൈസ് പ്രസിഡൻറ് അഡ്വ ബെറ്റി ഷാജു, മുൻ പ്രസിഡണ്ട് കെ പി ജോസഫ്, സെക്രട്ടറി ജോപ്രസാദ് കുളിരാനി എന്നിവർ പ്രസംഗിച്ചു.