കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റ് കരയിലേക്ക് പ്രവേശിച്ചതായ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടരയോടെ തന്നെ കാറ്റ് ബംഗാള്‍ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂര്‍ണമായി കരയില്‍ത്തൊടാന്‍ നാലു മണിക്കൂറോളമെടുക്കും. നിലവില്‍ അതിശക്തമായ മഴയാണ് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്.
ബംഗാളിലെ സുന്ദര്‍ബാനിലായിരിക്കും ചുഴലിക്കാറ്റ് കരതൊടുക. നാലു ലക്ഷത്തോളം ആളുകളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച രാവിലെയായപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗം അല്‍പം കുറഞ്ഞത് ആശ്വാസമാണെങ്കിലും തീവ്രതയില്‍ കുറവു വന്നിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നു.
ഒഡീഷയിലെ പുരി, ഖുര്‍ദ, ജഗത്സിങ്പുര്‍, കട്ടക്, കേന്ദ്രപ്പാറ, ജജ്പുര്‍, ഗന്‍ജം, ഭന്ദ്രക്, ബാലസോര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ മുതല്‍ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലും മഴ പെയ്യുന്നുണ്ട്. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്.
അഗ്നിരക്ഷാ സേനയും പൂര്‍ണസജ്ജരാണ്. നാവികസേനയുടെ ഡൈവര്‍മാര്‍ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറില്‍ തയാറാണ്. വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലര്‍ വെതര്‍ റഡാര്‍ (ഡിഡബ്ല്യുആര്‍) ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
