\
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി. റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും റമീസ് പ്രതിയായതിനാൽ പുറത്തിറങ്ങാനാകില്ല. കർശന ഉപാധികളോടെയാണ് ജാമ്യം.
രണ്ട് ലക്ഷംരൂപയുടെ ബോണ്ടും ആൾജാമ്യവും ഉൾപ്പെടുന്നതാണ് ജാമ്യവ്യവസ്ഥ. കൂടാതെ കുറ്റപത്രം സമർപ്പിക്കുന്നതു വരെയോ, ആദ്യത്തെ മൂന്ന് മാസമോ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്ക് മുന്നേ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാവണം, പാസ്പോർട്ട് സമർപ്പിക്കണം തുടങ്ങി കർശന ഉപാധിയും വെച്ചിട്ടുണ്ട്.
അതേസമയം റമീസിൻറെ ജാമ്യത്തെ കസ്റ്റംസ് കോടതിയിൽ എതിർത്തിട്ടില്ല. ഈ ഘട്ടത്തിൽ റമീസിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ലെന്നാണ് കസ്റ്റംസ് അറിയിച്ചത്. ഗൂഢാലോചന നടത്തിയതും, പണം മുടക്കുന്നതിനുള്ള ആളുകളെ കണ്ടെത്തുന്നതിന്റെ ആസൂത്രകനുമെല്ലാം റമീസ് ആയിരുന്നുവെന്നാണ് എൻ.ഐ.എയുടെ വാദം.
