സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കൂടുകയാണ്. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും ചൂടുള്ള നഗരങ്ങളുടെ ലിസ്റ്റിൽ ഒന്നാമത് നമ്മുടെ കൊച്ചു കേരളത്തിലെ ഒരു നഗരമാണ്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോട്ടയം ആണ് ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ ഇവിടെ ചൂട് അനുഭവപ്പെടുന്നത്.
മുൻ വർഷം ഇത് 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. അതിനു മുൻപ് വര്‍ഷങ്ങളിലൊന്നും ഇത്രയധികം താപനില ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വര്ഷമായാണ് ഈ പ്രതിസന്ധി നിലനിൽക്കുന്നത്.
ചൂടിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത് ആന്ധ്രായിലെ നന്ദ്യാൽ ആണ് (37.2). അഹമ്മദ്നഗർ (37.2), ഭദ്രാചലം (36. 8), കർണൂൽ (36.6) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. കോട്ടയത്ത് ആറുവർഷം മുമ്പ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 38.5 ഡിഗ്രി സെൽഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയിൽ ഇത്ര ചൂട് മുൻപ് വന്നിട്ടില്ല. 1999ലും 2018ലും 37.8 ഡിഗ്രി സെൽഷ്യസ് ചൂട് വന്നിരുന്നു. ആഴ്ചകൾ പിന്നിടുന്നതോടെ കോട്ടയത്തെ ചൂട് റെക്കോർഡ് ഭേദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
അതേസമയം ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്.
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്.
