തീക്കോയി :തീക്കോയി ഗ്രാമ പഞ്ചായത്തിൽ അധിവസിക്കുന്ന കുടുംബങ്ങൾക്ക് അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭം, അഗ്നിബാധ,അപകടം, പെട്ടെന്നുണ്ടാവുന്ന മാരക രോഗങ്ങൾ തുടങ്ങിയവ മൂലമുണ്ടാവുന്ന ദുരിതങ്ങൾക്ക് വിധേയരാകേണ്ടി വരുന്നവരിൽ അർഹരായ പാവപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി പഞ്ചായത്ത് ഒരു ദുരിതാശ്വാസ നിധിയ്ക്ക് രൂപം നൽകിയിരിക്കുന്നു. കൃത്യമായി തയ്യാറാക്കിയ സർക്കാർ അംഗീകരിച്ച ബൈലോ വ്യവസ്ഥകൾ പ്രകാരം ആയിരിക്കും ദുരിതാശ്വാസനിധി വിനിയോഗിക്കുക.
അർഹരായ ആളുകൾക്ക് ദുരിതത്തിന്റെ തോതനുസരിച്ച് പരമാവധി 5000 രൂപ വരെ ഒറ്റത്തവണ സഹായം ലഭിക്കുന്നതാണ്. ഇതിനായി സെക്രട്ടറിയുടെ പേരിൽ ഒരു അക്കൗണ്ട് തീക്കോയി ഫെഡറൽ ബാങ്കിൽ ആരംഭിച്ചിട്ടുണ്ട് (അക്കൗണ്ട് നമ്പർ -13200100081539). പൊതുജനങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും ലഭിക്കുന്ന സംഭാവന ഉപയോഗിച്ചായിരിക്കും ദുരിതാശ്വാസ നിധിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
