Hot Posts

6/recent/ticker-posts

പാലായിൽ ഇത്തവണയും മുടങ്ങിയില്ല! മത സൗഹാർദത്തിന്റെ സ്‌നേഹ സംഭാരം


പാലാ: മത- വർഗ്ഗ- വർണ സൗഹാർദത്തിന്റെയും സാഹോദര്യ ത്തിന്റെയും മാതൃകയാണ് പാലാ. പേര് പോലെ തന്നെ പാല്‌ പോലെ നൈർമല്യമുള്ള മനസ്സുള്ളവർ.. പാലാ ജൂബിലിയും ളാലത്തുത്സവവും പുലിയന്നൂർ ഉത്സവവും കത്തീഡ്രൽ മലയുന്തും ഒക്കെ ജാതി മത വ്യത്യാസമില്ലാതെ 'പാലാക്കാരുടെ' ആഘോഷങ്ങളാണ്. ഈ കീഴ്‌വഴക്കം എന്നും നിലനിൽക്കുമെന്ന് തെളിയിക്കുകയാണ് പാലാ പുലിയന്നൂർക്കാരൻ ജോണി വെട്ടത്ത്. 



പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തിന് വരുന്ന ഭക്തജനങ്ങൾക്ക് 16 വർഷമായി മുടങ്ങാതെ സംഭാരം വിതരണം ചെയ്യുകയാണ് ജോണിയും കുടുംബവും. 


കടപ്പാട്ടൂരിൽ നിന്നും പുലിയന്നൂർ ക്ഷേത്രത്തിലേക്ക് നടക്കുന്ന ശിവരാത്രി കാവടി ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് എല്ലാ വർഷവും മുടങ്ങാതെ ഇവർ രുചികരമായ സംഭാരം നൽകും. 

ചുട്ടുപൊള്ളുന്ന വെയിലിൽ ആഹ്ലാദത്തിന്റെയും ഭക്തിയുടെയും നിറവിൽ ആറാടുന്ന ഭക്ത ജനങ്ങൾക്ക് ജോണി വെട്ടത്തിന്റെയും കുടുംബത്തിന്റെയും സംഭാരത്തിന്റെ മധുരം നാവിന് ഇരട്ടി മധുരമാണ്.


പുലിയന്നൂർ ഹൈവെ ജംഗ്ഷനിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡ് അരികിലാണ് ജോണിയുടെ വീട്. കോവിഡ് മൂലം ഇത്തവണ ഘോഷയാത്ര ഉണ്ടായിരുന്നില്ലെങ്കിലും പതിവുപോലെ ജോണിയും കുടുംബവും പാതയോരത്ത് സംഭാരവുമായി എത്തിയിരുന്നു. ഉത്സവ ദിനത്തിൽ ക്ഷേത്രത്തിൽ എത്തിയ നൂറുകണക്കിന് ജനങ്ങളാണ് സംഭാരത്തിന്റെ മധുരം നുകർന്നത്. കേരള കോൺഗ്രസ്(എം) പുലിയന്നൂർ വാർഡ് പ്രസിഡന്റ് കൂടിയാണ് ജോണി വെട്ടത്ത്. 
Reactions