കോട്ടയം: കെഗ് ബൈക്കേഴ്‌സ് സൈക്ലിങ് ക്ലബ് സംഘടിപ്പിക്കുന്ന സൈക്ലിങ് ടൂർ സിരിസ് ടൂർ ഓഫ് തേക്കടി 2022 നാളെ (ശനിയാഴ്ച).
കോട്ടയം ദർശന കൾച്ചറൽ സെന്ററിൽ മുൻ ദേശീയ ക്രിക്കറ്റ് ടീം താരവും കേരള ക്രിക്കറ്റ് ടീം പരിശീലകനുമായ ടിനു യോഹന്നാൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5:00 ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 7:30 നു തേക്കടിയിൽ സമാപിക്കും.
160 കിലോമീറ്റർ ദൂരമുള്ള സൈക്ലിങ് ടൂറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 57 സൈക്ലിസ്റ്റുകൾ പങ്കെടുക്കും. ഏറ്റുമാനൂർ, പാലാ, നീലൂർ, മുട്ടം, അറക്കുളം, കുളമാവ് ഡാം, ചെറുതോണി, ഇടുക്കി, കട്ടപ്പന, പുളിയാന്മല എന്നീ കൺട്രോൾ പോയന്റുകളും 3000 മീറ്റർ എലിവേഷൻ നേട്ടവുമുള്ള ടൂറാണെന്ന് കെഗ് ബൈക്കേഴ്സ് പ്രസിഡന്റ് ഡോ. എബി മാത്യുവും സെക്രട്ടറി അരുൺ മാത്യുവും അറിയിച്ചു.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിക്കും. ടീം കാറ്റഗറിയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന ടീമിന് 30,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാമതും മൂന്നാമതും ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് 20,000 രൂപ, 10,000 രൂപ യഥാക്രമം സമ്മാനം ലഭിക്കും. വ്യക്തിഗത വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന സൈക്ലിസ്റ്റുകൾക്കു 10,000, 7,000, 5,000 രൂപ വീതവും സമ്മാനമുണ്ട്.


