ഭക്ഷണത്തിൽ രുചി കൂട്ടുന്നതിൽ ഉപ്പിന് വലിയ സ്ഥാനമാണുള്ളത്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും രുചി പാടേ മാറും. മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
എന്നാൽ പലരും ഭക്ഷണസാധനങ്ങളിൽ അളവില്ലാതെ ഉപ്പ് ഉപയോഗിക്കുന്നവരാണ്. ഇപ്പോഴിതാ ലോകാരോഗ്യസംഘടന വരെ ഇക്കാര്യത്തിൽ നിയന്ത്രണം വരുത്തേണ്ട സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
വ്യാഴാഴ്ച എല്ലാ രാജ്യങ്ങളെയും അഭിസംബോധന ചെയ്ത ലോകാരോഗ്യസംഘടന ആളുകളുടെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, പക്ഷാഘാതം, കാൻസർ മുതലായ രോഗങ്ങൾ പ്രതിരോധിക്കാനാണ് ഇതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ മുന്നോട്ടു പോയാൽ 2025ഓടെ സോഡിയത്തിന്റെ ഉപഭോഗം 30 ശതമാനമായി കുറയ്ക്കണമെന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം. അഞ്ചുശതമാനം രാജ്യങ്ങൾ മാത്രമാണ് സോഡിയം കുറയ്ക്കാനുള്ള നിർബന്ധിതവും സമഗ്രവുമായ നയങ്ങൾ നടപ്പിലാക്കുന്നുള്ളു എന്നും ഇന്ത്യ ഉൾപ്പെടെയുള്ള 73 ശതമാനം രാജ്യങ്ങൾക്ക് അത്തരം നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
ലോകാരോഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ഗ്രാമിൽ കുറവാണ്. പക്ഷേ ഭൂരിഭാഗം പേരും 10.8 ഗ്രാം ഉപ്പ് ദിനവും ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത് ബ്ലഡ് പ്രഷർ നില വർധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്കുലർ ഡിമൻഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കാലങ്ങളായി പലർക്കും അറിയുന്നതാണെങ്കിലും ഉപ്പിന്റെ ഉപയോഗത്തിൽ മാത്രം യാതൊരു കുറവും സംഭവിക്കുന്നില്ല.










