കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ വൈദിക -സന്ന്യസ്ത സംഗമം 'കെൻസ കന്ദീശാ' 2023 കാവുംകണ്ടം പാരിഷ് ഹാളിൽ നടത്തി. പൊതുസമ്മേളനത്തിനു മുൻപ് കൂട്ടായ്മ പ്രസിഡന്റ് ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. വികാരി ഫാ. സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കൂട്ടായ്മ അംഗമായിരുന്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട ഫാ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ താഴത്തേൽ അച്ഛന് സമ്മേളനത്തിൽ അനുശോചനം രേഖപ്പെടുത്തി. സിസ്റ്റർ ജ്യോതിസ് പീടികയ്ക്കൽ എഫ്സിസി റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ മുഖ്യപ്രഭാഷണം നടത്തി.
എല്ലാവരും മിഷൻ അനുഭവങ്ങൾ പങ്കുവെച്ചു. ക്രൈസ്തവ കുടുംബം നേരിടുന്ന വെല്ലുവിളികൾ, പൗരോഹിത്യ സന്യാസ ദൈവവിളി എണ്ണത്തിലെ കുറവ്, ഭൗതികവത്കരണം, വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, യുവജനങ്ങളിലെ മൂല്യത്തകർച്ച തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സിസ്റ്റർ ലിൻസി ഇരുവേലിക്കുന്നേൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
കാവുംകണ്ടം ഇടവകയിൽ 27 സിസ്റ്റേഴ്സ്, 8 വൈദികർ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. 2 സെമിനാരി ബ്രദേഴ്സും പരിശീലനം നടത്തി വരുന്നു. സിസ്റ്റർ ജ്യോതിസ് പീടികയ്ക്കൽ കൃതജ്ഞത അർപ്പിച്ചു.
സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. ഫാ. സ്കറിയ വേകത്താനം, ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ, സിസ്റ്റർ ജ്യോതിസ് പീടികയ്ക്കൽ, സിസ്റ്റർ സോഫി പീടികയ്ക്കൽ, സിസ്റ്റർ ലിൻസി ഇരുവേലിക്കുന്നേൽ, സിസ്റ്റർ സിനി വഞ്ചിക്കച്ചാലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.