കാവുംകണ്ടം: കണമലയിലും അയിരൂരിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവം വേദനാജനകവും ഉത്ക്കണ്ഠ ഉളവാക്കുന്നതുമാണെന്ന്
കാവുംകണ്ടം എകെസിസി യൂണിറ്റ് പ്രസ്താവിച്ചു. ദൈനംദിനം നിരവധി പേരുടെ ജീവനാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിയുന്നത്.
മനുഷ്യജീവന് പുല്ലുവില പോലും നൽകാത്ത രാജ്യമാണ് ഇന്ത്യ. മനുഷ്യനെ വേട്ടയാടുന്ന വന്യമൃഗത്തെ നിയന്ത്രിക്കുന്ന നിയമ സംവിധാനങ്ങളല്ല നാട്ടിലുള്ളത്. പരിസ്ഥിതി വാദികളുടെ മൃഗസ്നേഹം കാപട്യമാണ്. ഇപ്രകാരം കൊല്ലപ്പെടുന്ന മനുഷ്യരെ സംരക്ഷിക്കാൻ കഴിയാത്ത പരിസ്ഥിതി സ്നേഹം പൊള്ളയാണെന്നും അവർ ആരോപിച്ചു.
ആറു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 735 പേർ കൊല്ലപ്പെട്ടു എന്നാണ് വനംവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മനുഷ്യായുസ്സ് മുഴുവൻ മണ്ണിൽ അധ്വാനിച്ച കൃഷിവിളകൾ വന്യജീവികളുടെ ആക്രമണത്തിൽ നശിക്കുന്നത് മൂലം ജീവിത ദുരിതം അനുഭവിക്കുന്നവർ ഏറെയാണ്.
ജീവനും സ്വത്തിനും സംരക്ഷണം നൽകാനും വന്യജീവികളുടെ അനിയന്ത്രിതമായ
പെരുപ്പം തടയാനും വേണ്ട നിയമ നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി താൽക്കാലിക പരിഹാരം കണ്ടെത്തുന്ന നടപടി പുനപരിശോധിച്ചു കൊണ്ട് ശാശ്വതമായ നിയമം നടപടി കൈക്കൊള്ളണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മീറ്റിംങ്ങിൽ വികാരി ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ചു. ഡേവീസ് കല്ലറക്കൽ,അഭിലാഷ് കോഴിക്കോട്ട്,രാജു തോമസ് കോഴിക്കോട്ട്, ബിജു കണ്ണഞ്ചിറ, ബേബി തോട്ടാ കുന്നേൽ, രാജു അറക്ക കണ്ടത്തിൽ, തോമസ് കുമ്പളാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.