Hot Posts

6/recent/ticker-posts

വിവാഹ ദിനത്തിലെ കൊല; പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം



മകളുടെ വിവാഹ ദിനത്തിൽ വീട്ടിൽവച്ച് പിതാവ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ പക. വടശേരിക്കോണം സ്വദേശി രാജുവാണ് മകളുടെ വിവാഹ ദിവസം തൂമ്പാക്കൈ കൊണ്ടുള്ള അടിയേറ്റു കൊല്ലപ്പെട്ടത്.  കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ, കൊല്ലപ്പെട്ട രാജുവിന്റെ അയൽവാസി കൂടിയായ ജിഷ്ണുവിന്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിന്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം.


ഇന്നു വിവാഹിതയാകേണ്ടിയിരുന്ന രാജുവിന്റെ മകളെ ആക്രമിക്കാനാണ് ജിഷ്ണുവും സഹോദരന്‍ ജിജിനും ഇവരുടെ രണ്ടു സുഹൃത്തുക്കളും എത്തിയതെന്ന് കുടുംബം ആരോപിച്ചു. രാജുവിന്റെ സഹോദരിയുടെ പുത്രി ഗുരുപ്രിയയാണ് ഇക്കാര്യം പറഞ്ഞത്. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് ഈ വിവാഹാലോചന വേണ്ടെന്ന് വച്ചതെന്ന് ഗുരുപ്രിയ വെളിപ്പെടുത്തി. അന്നുമുതല്‍ പ്രതികള്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.


രാത്രിയില്‍ അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെത്തിയത്. അവർ വധുവിനെ നിലത്തിട്ട് മര്‍ദിച്ചു. കൊല്ലപ്പെട്ട രാജുവും ഭാര്യയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെ രാജുവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഗുരുപ്രിയ വ്യക്തമാക്കി. വിവാഹവീട്ടിലെ ബഹളം കേട്ടാണ് താനും അച്ഛനും ഓടിയെത്തിയതെന്നും അച്ഛന്റെ തലയ്ക്കും മണ്‍വെട്ടി കൊണ്ട് അടിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. 


രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി വീട്ടിൽ ഇന്നലെ വിരുന്നുണ്ടായിരുന്നു. രാത്രി ഒൻപതരയോടെ ഇവിടുത്തെ തിരക്കൊഴിഞ്ഞു തുടങ്ങി. പത്തരയോടെ എല്ലാവരും തന്നെ പോയിരുന്നു. 


ഇതിനിടെ ഇളയ മകൻ ശ്രീഹരി വിവാഹം നടക്കേണ്ട ശിവഗിരിയിലേക്കു പോയി. ഈ സമയത്താണ് ജിഷ്ണുവും സംഘവും വീട്ടിലെത്തിയത്. ഈ സമയം വിരുന്നിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു രാജു. സ്ഥലത്തെത്തിയ ജിഷ്ണുവും സംഘവും രാജുവുമായി വാക്കേറ്റമുണ്ടായി.


ഇതിനിടെ രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ അക്രമി സംഘം മർദിച്ചു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജുവിനെയും ഭാര്യ ജയയെയും ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ രാജുവിന്റെ സഹോദരീഭർത്താവു കൂടിയായ ദേവദത്തൻ തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെയും അവർ ആക്രമിച്ചു. ദേവദത്തന്റെയും തലയ്ക്കു പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജുവിനെ ആക്രമിക്കുന്നത് ചെറുത്ത 3 ബന്ധുക്കൾക്കും പരുക്കേറ്റു. രാജുവിന്റെ ഭാര്യ ജയ ആശാവർക്കറാണ്. കാൽ നൂറ്റാണ്ടോളം കാലം വിദേശത്തായിരുന്നു രാജു. പ്രവാസം അവസാനിപ്പിച്ച ശേഷം വടശേരിക്കോണത്ത് ഓട്ടോ ഓടിച്ചാണ് രാജു കുടുംബം പുലർത്തിയിരുന്നത്. 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്