കേരളത്തിൽ അൽപം വൈകിയെത്തുമെന്നു പറഞ്ഞ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും വൈകിയേക്കും. സാധാരണയിൽനിന്ന് അൽപം വൈകി കാലവർഷം ജൂൺ നാലിന് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തേ പ്രവചിച്ചത്.
കാലവർഷം ലക്ഷദ്വീപിന്റെ അടുത്തെത്തിയെങ്കിലും അവിടെ നിന്നു മുന്നേറാൻ അനുകൂല സാഹചര്യങ്ങൾ ഉണ്ടായില്ല. അറബിക്കടലിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റും അന്തരീക്ഷച്ചുഴികളും കാലവർഷത്തിന്റെ പ്രയാണത്തെ തടസ്സപ്പെടുത്തുന്നതായാണു സൂചന.
പടിഞ്ഞാറൻ കാറ്റിന്റെ ശക്തി, മാലദ്വീപ്–ലക്ഷദ്വീപ് മുതൽ കേരളതീരം വരെ സ്ഥിരതയുള്ള മേഘാവരണം, കേരളത്തിലെ മഴനിരീക്ഷണ കേന്ദ്രങ്ങളിൽ 60 ശതമാനത്തിലോ (2.5 മില്ലിലീറ്റർ) അതിലധികമോ മഴ രണ്ടു ദിവസം തുടർച്ചയായി പെയ്യുക തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് കാലവർഷം വന്നതായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിക്കുന്നത്. ഇതൊന്നും ഉണ്ടായിട്ടില്ല.
തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി ഇന്നലെ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് 24 മണിക്കൂറിനകം ന്യൂനമർദമായും തുടർന്നു തീവ്രന്യൂനമർദമായും ശക്തി പ്രാപിക്കുമെന്നാണു കരുതുന്നത്.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.