Hot Posts

6/recent/ticker-posts

'ചേര്‍പ്പുങ്കല്‍ സമാന്തരപാലം ഡിസംബര്‍ 25 ന് മുന്‍പ് ഗതാഗതത്തിന് തുറന്നുകൊടുക്കും'



പാലാ: മീനച്ചിലാറിനു കുറുകെ യാഥാര്‍ത്ഥ്യമാക്കുന്ന ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 2023 ഡിസംബര്‍ 25 ന് മുമ്പായി ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ. എന്നിവര്‍ അറിയിച്ചു.  


ചേര്‍പ്പുങ്കല്‍ പുതിയ പാലത്തിന്റെ അന്തിമ ഘട്ടത്തിലുള്ള കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി എം.എല്‍.എമാര്‍ വ്യക്തമാക്കി. ചേര്‍പ്പുങ്കല്‍ പാലത്തിന് 4 സ്പാനുകളാണ് മൊത്തത്തിലുള്ളത്. 

മൂന്നാമത്തെ സ്പാനിന്റെ അവശേഷിച്ചിരുന്ന കോണ്‍ക്രീറ്റും നാലാമത്തെ സ്പാനിന്റെ പൂര്‍ണ്ണമായ കോണ്‍ക്രീറ്റും കഴിഞ്ഞു. പാലത്തിനുവേണ്ടിയുള്ള ബീമുകളുടെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. എല്ലാ സ്പാനുകളുടേയും നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തീകരിക്കാൻ കഴിയും. 


പാലത്തിന്റെ ഇരുവശവുമുള്ള ഹാന്‍ഡ് റൈലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമെടുത്തു. 

പാലത്തിന്റെ ഇരുവശവുമുള്ള അപ്രോച്ച് റോഡുകളില്‍ മണ്ണ് നിറയ്ക്കുന്നതിനുള്ള ജോലികള്‍ ഉടനെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നതുമാണ്. 



ഇതോടൊപ്പം നിലവിലുള്ള പഴയ പാലം നവീകരിക്കുന്നതിനുള്ള നടപടിയും ആരംഭിക്കുമെന്ന് എം.എല്‍.എമാരായ മോന്‍സ് ജോസഫും, മാണി സി. കാപ്പനും അറിയിച്ചു. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത ശേഷം പഴയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. 

ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള കോണ്‍ക്രീറ്റിംഗ് ജോലികളുടെ നിയന്ത്രണ സമയപരിധി ഒരുമാസത്തിനുള്ളില്‍ തീരുന്നത് കണക്കാക്കി അടുത്ത റിവ്യൂ മീറ്റിംഗ് നടത്തുകയും ഇതോടനുബന്ധിച്ച് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം കൈക്കൊള്ളുന്നതാണ്. 

ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും പി.ഡബ്ല്യു.ഡി. മന്ത്രി മുഹമ്മദ് റിയാസിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും എല്ലാവിധ സഹായവും ലഭിച്ചിരുന്നതായി എം.എല്‍.എ. മാരായ മോന്‍സ് ജോസഫും മാണി സി. കാപ്പനും അറിയിച്ചു. 

പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരുന്ന തിരുവല്ല മുളമൂട്ടില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും കാര്യക്ഷമതയോടെ  സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതായി എം.എല്‍.എ. മാര്‍ ചൂണ്ടിക്കാട്ടി. എം.എല്‍.എമാരുടെ സന്ദര്‍ശനത്തിലും ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തിലും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗം കോട്ടയം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.റ്റി. ഷാബു, അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ. സന്തോഷ്‌കുമാര്‍, അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ ഹഫീസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും