Hot Posts

6/recent/ticker-posts

പ്ലാൻ ഫണ്ട് വിനിയോഗം ഊർജ്ജിതമാക്കാൻ ജില്ലാ വികസന സമിതി നിർദ്ദേശം

കോട്ടയം: പ്ലാൻ ഫണ്ട് വിനിയോഗം ഊർജ്ജിതമാക്കാൻ ജില്ലാ വികസനസമിതി യോഗത്തിൽ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം. വിവിധ തലങ്ങളിലുള്ള നിർവഹണോദ്യോഗസ്ഥരുടെ യോഗം ചേർന്ന് പുരോഗതി വിലയിരുത്താൻ യോഗത്തിൽ അധ്യക്ഷനായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ജില്ലാ വകുപ്പു മേധാവികൾക്ക് നിർദ്ദേശം നൽകി. 
വിവിധ വകുപ്പുകളുടെ പ്ലാൻ ഫണ്ട് വിനിയോഗ പുരോഗതി യും കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ.മാർ ഉന്നയിച്ച പ്രശ്‌നങ്ങളിലുള്ള തുടർ നടപടികളും യോഗം വിലയിരുത്തി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി മുതൽ കളക്ടറേറ്റ് വരെയും മണിപ്പുഴ മുതൽ മറിയപ്പള്ളി വരെയുമുള്ള ഭാഗത്തെ പതിനായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉന്നയിച്ച പരാതിയിൽ നടപടി നടപടി സ്വീകരിച്ചു വരുന്നതായി എൻ.എച്ച്. വിഭാഗം, വാട്ടർ അതോറിറ്റി എൻജിനീയർമാർ അറിയിച്ചു.
ഇറഞ്ഞാൽ-തിരുവഞ്ചൂർ റോഡിൽ നടന്നിരുന്ന പൈപ്പിടൽ ജോലി പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയാലുടൻ ടാറിങ്ങ് പ്രവർത്തിക്ക് സാങ്കേതികാനുമതി തേടുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കുമാരനല്ലൂരിൽ പൈപ്പ് ഇടുന്നതിന് പൊളിച്ച റോഡ് പുനഃസ്ഥാപിച്ചപ്പോൾ നിലവാരമില്ലെന്ന പരാതിയുണ്ടെന്നും ഇത് പരിഹരിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കോട്ടയം നഗരത്തിലെ ടി.ബി. റോഡ്, മാർക്കറ്റ് റോഡ്, എം.എൽ. റോഡ്, പോസ്റ്റോഫീസ് റോഡ് എന്നീ റോഡുകളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 
ഇറഞ്ഞാൽ-തിരുവഞ്ചൂർ റോഡിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയായതായും പരിശോധന പൂർത്തീകരിച്ച് രണ്ടു ദിവസത്തിനകം പൊതുമരാമത്തുവകുപ്പിന് കൈമാറുമെന്നും വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. എം.സി. റോഡിൽ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈരയിൽക്കടവ് ബൈപാസിന്റെ തുടർച്ചയായി 850 മീറ്റർ നീളത്തിൽ സ്ഥലം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. വാക്കാൽ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. കോട്ടയം നഗരത്തിലെ സൗന്ദര്യവത്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അധികൃതർ, പൊലീസ്, പൊതുമരാമത്ത്, വ്യാപാരികൾ തുടങ്ങിയവരുടെ സംയുക്ത യോഗം ചേരാൻ തീരുമാനിച്ചു.
മുണ്ടക്കയം കന്നിമലയിലെ മടമ്പടി എസ് വളവിൽ ഏഴു സ്ഥലത്ത് റംപിൾ സ്ട്രിപ്പുകളും ബഹുഭാഷാ മുന്നറിയിപ്പു ബോർഡുകളും സ്പീഡ് ലിമിറ്റ് ബോർഡുകളും സ്ഥാപിച്ചതായി അഡ്വ. സെബാസ്‌റ്യൻ കുളത്തുങ്കൽ എം.എൽ.എയെ ദേശീയപാതാ കാഞ്ഞിരപ്പള്ളി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
തീക്കോയി പഞ്ചായത്തിലെ അളിഞ്ഞിത്തുരുത്തിലെ മണ്ണ് നീക്കം ചെയ്യാനായി മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയായതായി മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തീക്കോയി ഗ്രാമപ്പഞ്ചായത്തിലെ മാവടിയിൽ ജനവാസ മേഖലയുടെ മുകൾഭാഗത്ത് അപകടകരമായ രീതിയിലുള്ള കൂറ്റൻപാറ ഉടമയുടെ അനുമതിയോടെ പൊട്ടിച്ചു നീക്കാനാവശ്യമായ നടപടി സ്വീകരിക്കും. വനമേഖലയോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലെ രൂക്ഷമായ ആന ശല്യം തടയാൻ ട്രെഞ്ച് കുഴിക്കുന്നതും വൈദ്യുതി വേലി സ്ഥാപിക്കുന്നതും വേഗത്തിലാക്കണമെന്ന് അഡ്വ. സെബാസ്‌റ്യൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു.
മുണ്ടക്കയത്തെ തിലകൻ സ്മാരക മന്ദിര നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഇളംകാട് പാലത്തിന്റെ നിർമാണം ജനുവരി അഞ്ചിനു തുടങ്ങണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശം നൽകി.
ചങ്ങനാശ്ശേരി അഞ്ചുവിളക്ക്- പാണ്ടികശ്ശാല റോഡ്, ഡീലക്‌സ് പടി-ഇ.എം.എസ്. പടി റോഡ് എന്നിവയുടെ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി സർവേ നടപടികൾ നടന്നു വരുന്നതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.യെ എൽ.എ. ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നന്നാക്കുന്നതിന് ലഭ്യമായ ക്വട്ടേഷനുകൾ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാലുടൻ പ്രവർത്തി ആരംഭിക്കുമെന്നും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.
തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി എ.ബി.സി. പദ്ധതി നടപ്പാക്കുന്നതിന്  അനുയോജ്യമായ 10 സെന്റ് സ്ഥലം കണ്ടെത്തി നൽകണമെന്ന് യോഗം നഗരസഭയോട് നിർദ്ദേശിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റിയൻ കുളത്തിങ്കൽ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, അഡീഷണൽ പൊലീസ് സൂപ്രണ്ട് വിനോദ് പിള്ള, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന എം. അമൽമഹേശ്വർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്