ഈരാറ്റുപേട്ട: നാളുകളായി തകർന്ന് കിടക്കുന്ന ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് കോൺക്രീറ്റ് ചെയ്യാൻ തയ്യാറാവാതെ പഞ്ചായത്ത് ഭരണസമിതി. തലപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് വെള്ളൂക്കുന്നേലിൻ്റെ വാർഡ് കൂടിയാണ് അഞ്ചാം വാർഡ്.
കഴിഞ്ഞ ഒരു വർഷത്തോളമായി റോഡ് തകർന്ന് യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. ദിവസവും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ഈ റോഡ് കോൺക്രീറ്റ് ചെയ്യാൻ നാട്ടുകാർ പലപ്പോഴായി പഞ്ചായത്ത് ഭരണസമിതിയെ ബന്ധപ്പെടുമ്പോൾ, റോഡ് കോൺക്രീറ്റ് ചെയ്യാൻ തുക അനുവദിച്ച് കരാറുകാരനെ ഏൽപ്പിച്ചിട്ടുണ്ടെന്നും നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്നുമാണ് ഭരണസമിതി പറയുന്നത്.
അതേസമയം റോഡ് കോൺക്രീറ്റിങ് ചെയ്യുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റോഡ്. വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാവുന്നത് പതിവായിരിക്കുകയാണ്. അടിയന്തരമായി റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.