പനയ്ക്കപ്പാലം: ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് മേലുകാവ് സ്വദേശിനി രശ്മി (35), ഭർത്താവ് വിവിധ സ്ഥാപനങ്ങളുടെ കരാറുകാരനായി പ്രവർത്തിക്കുന്ന രാമപുരം കുടപ്പലം സ്വദേശി വിഷ്ണു (36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ താമസിച്ചിരുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയിലാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആശുപത്രിയിൽ നിന്നും രാവിലെ രശ്മിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവരെപ്പറ്റി വിവരം ലഭിച്ചില്ല. തുടർന്ന്, ആശുപത്രി അധികൃതർ ഈരാറ്റുപേട്ട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കിടപ്പുമുറിയ്ക്കുള്ളിൽ കെട്ടിപിടിച്ച നിലയിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. മൃതദേഹങ്ങൾക്ക് സമീപത്തു നിന്നും സിറിഞ്ചും ലഭിച്ചിട്ടുണ്ട്. മരുന്ന് കുത്തി വയ്ക്കാനാണ് ഈ സിറിഞ്ച് ഉപയോഗിച്ചതെന്ന് സംശയിക്കുന്നുണ്ട്. ദമ്പതികൾക്ക് മക്കളില്ല. ഈരാറ്റുപേട്ട പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.