കോട്ടയം: പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള പൊതു തെളിവെടുപ്പ് പൂർത്തിയായതായി ജോസ്.കെ.മാണി എം.പി അറിയിച്ചു.

പൂവരണി വില്ലേജിലെ ഒൻപത് സർവ്വേ നമ്പറുകളിലായുള്ള അഞ്ച് ഭൂഉടമകളിൽ നിന്നായി 32.919 ആർ സ്ഥലമാണ് സമീപനപാതയ്ക്കായി മാത്രം ഏറ്റെടുക്കുക. ഭൂ ഉടമകൾ സ്ഥലം ഏറ്റെടുക്കുന്നതിൽ പൂർണ്ണ സമ്മതം അറിയിച്ചു. ആരുടേയും കണ്ണീർ വീഴ്താതെ ഉചിതമായ നഷ്ട പരിഹാരം ഉറപ്പു വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. സമീപന പാത നിർമ്മാണം പൊതുമരാമത്ത് വകുപ്പിനാണ് ചുമതല.
പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും സമീപത പാത വരെയുള്ള ഭാഗം കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബി ഫണ്ട് വഴിയാണ് നടപ്പാക്കുക എന്നും ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നു അദ്ദേഹം പറഞ്ഞു.
ഇന്ന് (ഓഗസ്റ്റ് 19) നടന്ന ഹിയറിംഗിൽ പാലാ ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാർ ബിനു സെബാസ്റ്യൻ, പൊതുമരാമത്ത് റോഡ് വിഭാഗം അസി.എൻജിനീയർ എം.ജെ.ഷൈബി, മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,ടി.ബി.ബിജു, സണ്ണി വെട്ടം, രാജഗിരി കോളജ് ഡവലപ്പ്മെൻ്റ് ഓഫീസർ സി.പി.ബിജു, റിസേർച്ച് അസോസിയേറ്റ് എൻ.എസ്.അഭിജിത് ലാൽ എന്നിവരും ഭൂഉടമകളായ പരമേശ്വരൻ നമ്പൂതിരി, വത്സമ്മ കളരിയാംമാക്കൽ, ജി.പ്രഭാകരൻ നായർ ആലപ്പാട്ട്, ഷൈൻ തോമസ് പന്തലാടിക്കൽ, ആൻ്റെ ണി ജോസഫ് ഊട്ടുകുളം എന്നിവരും പങ്കെടുത്തു. സാമൂഹിക പ്രത്യാഘാത റിപ്പോർട്ട് എത്രയും വേഗം സർക്കാരിൽ സമർപ്പിക്കുമെന്നും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ജോസ്.കെ.മാണി എം.പി.പറഞ്ഞു.