പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പ് കണക്ഷനിലൂടെ എത്തിച്ചതിന്റെ ഔദ്യോഗികമായ "ഹർ ഘർ ജൽ" പ്രഖ്യാപനവും നാളെ ( 02.09.2025, ചൊവ്വാ ) നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ, ജില്ലാ ജല ശുചിത്വ മിഷൻ ചെയർമാനും ജില്ലാ കളക്ടറുമായ ചേതൻകുമാർ മീണ, കേരള വാട്ടർ അതോറിറ്റി മെമ്പർ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാധാവി നായർ, ജോസ്മോൻ മുണ്ടക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്തുക്കുട്ടി ഞായർകുളം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ശ്രീലത ജയൻ, ജേക്കബ് തോമസ്, ജാൻസി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി ജോബി, അശോക് കുമാർ പുതുമന ,ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാൻ്റീസ് കൂനാനിക്കൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ ബെന്നി വടക്കേടം, രാജശേഖരൻ നായർ ,മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസി രാജു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മാത്തുക്കുട്ടി ആൻ്റണി,സീമ പ്രകാശ് ,സിജി സണ്ണി, ജോർജ് തോമസ് ,ഷാൻ്റി ബാബു, കെ. കെ രഘു, ജീനാ ജോയി, പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, ജില്ലാ ജല ശുചിത്വമിഷൻ മെമ്പർ സെക്രട്ടറി കൂടിയായ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് അനിൽ രാജ്, ജില്ലാ പ്രോജക്ട് മാനേജ്മെൻ് യൂണിറ്റ് ടെക്നിക്കൽ കൺസൾട്ടന്റ് അസ്സി എം ലൂക്കോസ്, വിവിധ കക്ഷി നേതാക്കളായ ടോമി മാത്യു ഈരൂരിക്കൽ, ബിജു പറമ്പകത്ത്, ജയ്മോൻ പുത്തൻപുരയ്ക്കൽ, എം. എ ബേബി മുണ്ടൻകുന്ന്, ജയകുമാർ കാരക്കാട്, വി.പി ഫിലിപ്പ്, വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ സുരേഷ് കുമാർ കെ, ഗിരീഷ് ജി നായർ, സനീഷ് എസ് എന്നിവർ ആശംസകൾ നേരും. ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയർ സൂരജ നായർ സമ്മേളനത്തിന് നന്ദി പറയും.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ധനകാര്യ മന്ത്രി കെ.എം. മാണിയും എം.എൽ.എ മാരായിരുന്നപ്പോൾ പാലാ നിയോജകമണ്ഡലത്തിൽപെടുന്ന മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകൾക്കും പുതുപ്പള്ളിയുടെ ഭാഗമായ അകലക്കുന്നം പഞ്ചായത്തിനും വേണ്ടി ആവിഷ്കരിച്ച മൾട്ടി പഞ്ചായത്ത് കുടിവെള്ള പദ്ധതിയാണ് ജൽ ജീവൻ മിഷനിലൂടെ പൂർത്തീകരിക്കപ്പെടുന്നത്. മീനച്ചിലാറിൻ്റെ തീരത്ത് മുത്തോലിക്കടവിൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച കിണറും പമ്പു ഹൗസും പത്ത് എം.എൽ. ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. മുത്തോലിയിലെ ജലശുദ്ധീകരണശാലയിൽ നിന്ന് കൊഴുവനാൽ പഞ്ചായത്തിലൂടെ അകലക്കുന്നം പഞ്ചായത്തിലെ ഇടമുളയിലുള്ള സബ്കം പമ്പ്ഹൗസിലൂടെ ഒന്നേകാൽ ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലും അവിടെ നിന്ന് രണ്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പൂവത്തിളപ്പിലെ ഉപരിതല ടാങ്കിലും മൂന്ന് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കരിമ്പാനിയിലെയും ചെങ്ങളത്തെയും ഉന്നതതല ടാങ്കുകളിലും പമ്പിങ്ങിലൂടെ ജലമെത്തിക്കുമ്പോൾ മുത്തോലിയിലെ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്ന് പാദുവായിലുള്ള രണ്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലും ജലമെത്തിച്ചു കൊണ്ടാണ് അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചുവാർഡുകളിലായി മൂവായിരത്തി എണ്ണൂറ്റി നൽപ്പത്തിയെട്ട് വീടുകളിൽ ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നത്. പൈപ്പിടലിൻ്റെ ഭാഗമായി റോഡുകളുടെ റീടാറിങ്ങിനായി ആറരകോടിയോളം രൂപ പൊതുമരാമത്ത് വകുപ്പിന് നൽകിയിട്ടും നാൽപ്പത്തിയെട്ടു കോടിയുടെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ കരാർ പ്രവർത്തനങ്ങൾ സുതാര്യമാംവിധം നടപ്പിലാക്കിക്കൊണ്ട് പത്തു കോടിയിലധികം രൂപ മിച്ചം വെക്കുന്ന വിധം പദ്ധതി നടപ്പിലാക്കിക്കൊണ്ട് അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവ്വഹണത്തിലും മറ്റുള്ളവർക്ക് മാതൃകയായി മാറി. അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ പദ്ധതി നിർവ്വഹണ ഏജൻസി കേരള വാട്ടർ അതോറിറ്റിയും നിർവ്വഹണ സഹായ ഏജൻസി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായിരുന്നു.