വേഴാങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ കാഞ്ഞിരമറ്റം വാർഡിൽ ജലറാണി കുടിവെള്ള പദ്ധതിക്ക് പുതിയ ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കുന്നു. പതിനഞ്ച് ലക്ഷം രൂപയാണ് ടാങ്ക് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്.

70 ഓളം കുടുംബങ്ങളാണ് ജലറാണി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.നിലവിലുള്ള ടാങ്കിന് ഉയരമില്ലാത്തതിനാൽ വേനൽക്കാലത്ത് പല വീടുകളിലും വെള്ളം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു.പുതിയ ടാങ്ക് വരുന്നതോടുകൂടി ഇതിന് പരിഹാരമാവുകയും, കൂടുതൽ വീടുകളിൽ പൈപ്പ് കണക്ഷൻ നൽകുവാനും സാധിക്കും.
ഇരുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത്. കാഞ്ഞിരമറ്റത്ത് സ്ഥിതി ചെയ്യുന്ന കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുന്നൂറ് മീറ്റർ അകലെ വേഴാങ്ങാനo നവനസ്രത്ത് പള്ളി സൗജന്യമായി നൽകിയ സ്ഥലത്താണ് ടാങ്ക് നിർമ്മിക്കുന്നത്. വി വി വിജയൻ പ്രസിഡന്റും ആലിസ് മൈക്കിൾ സെക്രട്ടറിയും ആയ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഞായറാഴ്ച രാവിലെ 8:00 മണിക്ക് വേഴാങ്ങാനo പള്ളി പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് മെമ്പർ സുധാ ഷാജി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി മുഖ്യപ്രഭാഷണം നടത്തും.