ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിൽ 21മിനി മാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.കടനാട്,കരൂർ, മീനച്ചിൽ, ഭരണങ്ങാനം എന്നീ നാല് പഞ്ചായത്തുകളാണ് ഭരണങ്ങാനം ഡിവിഷനിൽ ഉള്ളത്.

സംസ്ഥാന ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് മൂന്നുവർഷ ഗ്യാരണ്ടിയോടു കൂടി ലൈറ്റുകൾ സ്ഥാപിക്കുന്നത്. ആറ് മീറ്റർ ഉയരമുള്ള പോസ്റ്റിൽ 150 വാട്ട്സിന്റെ മൂന്ന്എൽ.ഇ.ഡി ലൈറ്റ് സെറ്റാണ് സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്താണ് കറണ്ട് ചാർജ് അടയ്ക്കുന്നത്.
പുതുതായി 21 ലൈറ്റുകൾ കൂടി സ്ഥാപിക്കുമ്പോൾ കരൂർ പഞ്ചായത്തിൽ 40 ഭരണങ്ങാനം പഞ്ചായത്തിൽ 29 കടനാട് പഞ്ചായത്തിൽ 27 മീനച്ചിൽ പഞ്ചായത്തിൽ25 ലൈറ്റുകൾ ആകും. പുതുതായി സ്ഥാപിക്കുന്ന 21 ലൈറ്റുകളുടെ നിർമ്മാണ ഉദ്ഘാടനം ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് തിരുനക്കരയിൽ നടന്നു.

പഞ്ചായത്ത് പ്രസിഡണ്ട് ബീന ടോമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു .പഞ്ചായത്ത് മെമ്പർമാരായ ലിൻസി സണ്ണി, അനുമോൾ മാത്യു, ജോസുകുട്ടി അമ്പലമറ്റം, സുധാ ഷാജി, മാത്യു തറപ്പേൽ, സജി വാഴക്കാലായിൽ, സഖറിയാസ്ഐപ്പൻ പറമ്പിക്കുന്നേൽ, രാജേഷ് കുറ്റിക്കാട്ട്, ജയ്മോൻ വലിയമുറത്താങ്കൽ, ഔസേഫ വടക്കൻ ഈന്തോട്ടത്തിൽ, ടെസി വാഴക്കാലായി തുടങ്ങിയവർ പ്രസംഗിച്ചു.


