ഇടപ്പാടി: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പാമ്പൂരാംപാറയിൽ പാമ്പൂരാംപാറ ജലനിധി പദ്ധതിയുടെ ഓവർഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി.

23 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.മടത്തി പറമ്പിൽ കെ .എസ് തങ്കപ്പൻ ആചാരിയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് 60,000 ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക് 22 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിൻറെ ചൂണ്ടച്ചേരിയിലുള്ള സ്ഥലത്ത് നിർമ്മിച്ച കുഴൽക്കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് ഒന്നര കിലോമീറ്റർ അകലെയുള്ള ടാങ്കിൽ വെള്ളം എത്തിക്കുന്നത്. 150ന് മുകളിൽ കുടുംബങ്ങളാണ് ഈ പദ്ധതിയിൽ ഉള്ളത്. പഞ്ചായത്ത് മെമ്പർ അനുമോൾ മാത്യു രക്ഷാധികാരിയും ഷിജോ സെബാസ്റ്റ്യൻ പ്രസിഡണ്ടും മിനോജ് ആൻറണി സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
നാളെ (വെള്ളി) രാവിലെ 9. 30ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജോസ് കെ മാണി എം.പി. ടാങ്കിന്റെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി പഞ്ചായത്ത് മെമ്പർ അനുമോൾ മാത്യു ത്രിതല പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. 
ടാങ്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി ഭരണങ്ങാനം പഞ്ചായത്തിലെ 10 ,11, 12 ഇടപ്പാടി, അരീപ്പാറ, പാമ്പൂരാംപാറ വാർഡുകൾ സമ്പൂർണ്ണ കുടിവെള്ളം ലഭ്യമാക്കിയ വാർഡുകളായിമാറുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.

