2020ൽ ആരംഭിച്ച ഈ കോൺഫറൻസ് ഇടവിടാതെ വർഷംതോറും സംഘടിപ്പിച്ചുവരികയാണ്. IIIT കോട്ടയത്തിന്റെ ഫ്ലാഗ്ഷിപ്പ് പരിപാടിയായ ഐസിറ്റിഐഐടി, ലോകമെമ്പാടുമുള്ള ഗവേഷകരിൽ നിന്നും വലിയ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരത്തിലും സ്ഥിരതയിലും കോൺഫറൻസ് ശ്രദ്ധേയമാണ്.
ഈ വർഷം 1171 പ്രബന്ധങ്ങൾ ലഭിച്ചതിൽ നിന്ന് കർശനമായ നിരീക്ഷണ നടപടികൾക്ക് ശേഷം 159 പ്രബന്ധങ്ങൾ മാത്രമാണ് അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം 14 ശതമാനം മാത്രം തിരഞ്ഞെടുക്കപ്പെട്ടത് കോൺഫറൻസിന്റെ അക്കാദമിക് മികവ് വ്യക്തമാക്കുന്നു.
“AI, Automation, and Beyond” എന്ന പ്രമേയത്തെ ആസ്പദമാക്കിയ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി നാവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL), കൊച്ചി, ഡയറക്ടർ (ടെക്നോളജീസ്) ശ്രീമതി ജി. മിനി പങ്കെടുത്തു. പ്രതിരോധം, ആരോഗ്യരംഗം, ബാങ്കിംഗ്, ബിസിനസ് മേഖലകൾ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി അവർ പറഞ്ഞു. ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഏകോപിത തീരുമാനമെടുക്കലിന് AI നിർണായക പിന്തുണയാകുന്നതായും അവർ വ്യക്തമാക്കി.
ഗസ്റ്റ് ഓഫ് ഓണറായി തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ ഡോ. ബി. എസ്. മനോജ് പങ്കെടുത്തു. ഇന്ത്യ വികസിതരാജ്യമായി മാറുന്നതിനുള്ള യാത്രയിൽ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും സാങ്കേതികവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമ്മേളനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രബന്ധാവതരണങ്ങളും ചർച്ചകളും നടന്നു. ഭാവിയെ രൂപപ്പെടുത്തുന്നതിൽ AIയും നവീകരണവും വഹിക്കുന്ന പങ്കും പ്രായോഗികവും പ്രശ്നകേന്ദ്രിതവുമായ ഗവേഷണത്തിന്റെ ആവശ്യകതയും സമ്മേളനം മുൻനിറുത്തി.

