Hot Posts

6/recent/ticker-posts

"പാലാ തിരിച്ചുപിടിക്കും.. എൽഡിഎഫിന് തുടർഭരണം ഉറപ്പ്"- ജോസ് കെ മാണി

മീനച്ചിൽ: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നൽകിയതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. ഈ വികസന പ്രവർത്തനങ്ങളാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് തുടർഭരണം ഉറപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ എൽഡിഎഫ് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് മീനച്ചിൽ പഞ്ചായത്ത് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ പങ്കെടുത്ത പ്രവർത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്ത ജോസ് കെ മാണി, ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ജനങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയും തന്നെയാണ് തനിക്ക് മുന്നോട്ട് പോകാനുള്ള ശക്തിയെന്ന് പറഞ്ഞു. അടുത്തിടെയായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളുവെന്നും, ജനങ്ങളുടെ മുഖങ്ങളിൽ കാണുന്ന ആത്മവിശ്വാസം പാലായിൽ എൽഡിഎഫ് വിജയം ഉറപ്പാണെന്നതിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “പാലായിൽ നമ്മൾ ജയിക്കും, പാലാ നമ്മൾ തിരിച്ചുപിടിക്കും” എന്ന ആത്മവിശ്വാസം പ്രവർത്തകരിലും ജനങ്ങളിലും വ്യക്തമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഖ്യാപനത്തിന് പിന്നാലെ ഉടൻ നാമനിർദ്ദേശ നടപടികൾ ആരംഭിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ ഒമ്പതാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പ് തന്റെ വ്യക്തിജീവിതത്തിലും പ്രത്യേകമായൊരു ഓർമ്മയുള്ള ദിവസമാണെന്ന് ജോസ് കെ മാണി പറഞ്ഞു. അന്നേ ദിവസമാണ് തന്റെ പിതാവും പാലായുടെ ദീർഘകാല ജനപ്രതിനിധിയുമായിരുന്ന കെ.എം. മാണി അന്തരിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.എം. മാണിയുടെ മരണവാർത്ത പുറത്ത് വന്നപ്പോൾ “പാലാ അനാഥമായി” എന്ന തലക്കെട്ടോടെയാണ് പല മാധ്യമങ്ങളും വാർത്ത നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലായി പലരും പാലയെക്കുറിച്ച് സംസാരിക്കുമ്പോൾ ആ വാക്ക് തന്നെ ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാലാ ഒരു സാധാരണ പട്ടണമല്ലെന്നും കേരളത്തിനകത്തും പുറത്തും മലയാളികൾക്ക് പരിചിതമായ ഒരു മാതൃകാപ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, പൊതുസമാധാനം, വികസനം തുടങ്ങി നിരവധി മേഖലകളിൽ മാതൃകയായിരുന്ന പാലയുടെ പ്രതാപം വീണ്ടും ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലായിൽ നടപ്പാക്കിയ നിരവധി വികസന പദ്ധതികൾ പിന്നീട് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ബി.എം.ബി.സി റോഡുകൾ പോലുള്ള പദ്ധതികൾ ആദ്യം നടപ്പിലായത് പാലായിലാണെന്നും, ജില്ലാ ആസ്ഥാനങ്ങളിലുപോലും ഇല്ലാത്ത സമയത്ത് റിംഗ് റോഡ് പോലുള്ള പദ്ധതികൾ ഒരു ചെറിയ പട്ടണമായ പാലയിൽ നടപ്പാക്കാൻ കഴിഞ്ഞത് മുൻകാല വികസന ദർശനത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പാലായുടെ ആ തിളക്കം മങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കൽ വികസനത്തിന്റെ മാതൃകയായിരുന്ന പാലയെ വീണ്ടും അതേ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഭരണമാണ് ആവശ്യമായതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, മനുഷ്യവികസന സൂചിക തുടങ്ങിയ മേഖലകളിൽ ഒരിക്കൽ മാതൃകയായിരുന്ന പാലയെ വീണ്ടും മുന്നണിയിൽ എത്തിക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനം കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജോയി കുഴിപ്പാലം അധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, അഡ്വ. ജോസ് ടോം, ബാബു കെ ജോർജ്, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ ഓടയ്ക്കൽ, ജോസ് പാറേക്കാട്ട്, പ്രൊഫ. എം.എം. എബ്രഹാം മാപ്പിളക്കുന്നേൽ, ബിനോയ് നരിതൂക്കിൽ, ബിജു ടി.ബി., സാജൻ തൊടുക, ജിനു വാട്ടപ്പള്ളി, ബിജു ഇ.സി., സോമിച്ചൻ താഴത്തുവീട്ടിൽ, സോജൻ തൊടുക, സാജോ പൂവത്താനി, അനിത ലക്ഷ്മി, ഓമന സോമൻ, ജിജി ജോമോൻ, സ്വപ്ന രമേശ്, അഞ്ജന തെരേസ് മാത്യു എന്നിവർ പ്രസംഗിച്ചു.
Reactions