ന്യൂഡൽഹി : വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കണം എന്ന് കേന്ദ്രം നിർദ്ദേശിക്കുന്നു. ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിലും ഏഴ് ദിവസം ഹോം ക്വാറന്റൈനിലും പ്രവേശിക്കണം എന്നാണ് പുതിയ നിർദ്ദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
വിദേശത്ത് നിന്ന് വരുന്നവർക്ക് ഏഴ് ദിവസം സർക്കാർ ക്വാറന്റൈൻ മതിയെന്ന കേരളത്തിന്റെ ആവശ്യം ആദ്യഘട്ടത്തിൽ കേന്ദ്രം തള്ളുകയും14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമാണെന്നും അറിയിച്ചിരുന്നു. പിന്നീട് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം പുതിയ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുകയുമായിരുന്നു.
ഗർഭിണികൾ, ഗുരുതര രോഗബാധിതർ, പത്ത് വയസ്സിന് താഴെ പ്രായമുള്ളവർ എന്നിവർക്ക് 14 ദിവസം ഹോം ക്വാറന്റൈൻ അനുവദിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ഹോം ക്വാറന്റൈൻ ചെയ്യണം. എല്ലാവർക്കും ആരോഗ്യസേതു ആപ്പ് നിർബന്ധമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
യാത്ര ടിക്കറ്റ് നൽകുന്നതോടൊപ്പം യാത്രയ്ക്കിടയിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് ടിക്കറ്റ് ഏജൻസികൾ യാത്രക്കാരെ അറിയിക്കേണ്ടതാണ്. തെർമൽ സ്ക്രീനിങ്ങിനു ശേഷം ലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് മാത്രമേ ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നൽകുകയുള്ളൂ. കാരമാർഗം രാജ്യാതിർത്തി കടന്നെത്തുന്നവരും എല്ലാ പ്രോട്ടോക്കോളും പാലിക്കേണ്ടതാണ്.
എയർപോർട്ടിലും വിമാനത്തിലും മുൻകരുതൽ നടപടികളുടെ ഭാഗമായി അണുനശീകരണവും ശുചീകരണവും നടത്തണം. യാത്രയിൽ സാമൂഹിക അകലം ഉറപ്പാക്കണം. എയർപോർട്ടിലും തുറമുഖങ്ങളിലും വിമാനങ്ങളിലും കപ്പലുകളിലും കോവിഡ് സുരക്ഷാമുൻകരുതലുകൾ ഇടവിട്ട് അനൗൻസ് ചെയ്യണം.
