കൊല്ലം: പാമ്പുകടിയേറ്റ് കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും സുഹൃത്തും സഹായിയുമായ പാമ്പ് സുരേഷ് എന്ന കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായി. കൊലപാതകം വിചിത്ര ശൈലിയിലുള്ളതാണെന്ന് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു. 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. സാമ്പത്തികനേട്ടവും മറ്റൊരു വിവാഹം കഴിക്കാനുള്ള ഉദ്ദേശവും സൂരജിനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൂരജിന് പാമ്പിനെ കൈമാറിയത് സുരേഷാണ്. കൊലപാതകത്തെ കുറിച്ച് സുരേഷിന് അറിവുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
ഉത്രയെ കൊലപ്പെടുത്താന്‍ 10,000 രൂപക്ക് ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാണെന്ന് പറഞ്ഞാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂര്‍ഖനെയാണ് സുഹൃത്തില്‍ നിന്ന് സൂരജ് വാങ്ങിയത്. സൂരജ് കുറ്റം സമ്മതിച്ചിരുന്നു. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തിന്റെ തയാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു.
അണലിയെ ഉപയോഗിച്ചുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയ സൂരജ്, ഉത്ര വീട്ടിലെത്തിയ രണ്ടാംദിവസം(മാര്‍ച്ച് 24ന്) സുരേഷുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിനെ വാങ്ങി. പിന്നീട് അവസരത്തിനായി കാത്തിരുന്നു. കട്ടിലിന്റെ അടിയില്‍ ബാഗിനുള്ളില്‍ ഒരു ഡബ്ബയിലാക്കിയാണ് മൂര്‍ഖനെ സൂക്ഷിച്ചിരുന്നത്.
മേയ് ആറിന് രാത്രി പാമ്പിനെ പുറത്തെടുത്ത് ഉത്രയുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. പാമ്പ് രണ്ടുതവണ ഉത്രയെ കൊത്തുന്നത് സൂരജ് കട്ടിലില്‍ ഇരുന്ന് കണ്ടു. പാമ്പിനെ തിരിച്ച് ഡബ്ബയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ അമ്മയെത്തി ഉത്രയെ വിളിച്ചേല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് ഉത്രയുടെ അമ്മയും സഹോദരനും സൂരജും ചേര്‍ന്ന് അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അലമാരയുടെ അടിയില്‍നിന്ന് പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തു.
