റിയാദ് : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ബാങ്ക് നോട്ടുകളും നാണയങ്ങളും ക്വാറന്റൈൻ ചെയ്യുമെന്ന് സൗദി അറേബ്യ. മുൻകരുതലുകളുടെ ഭാഗമായാണ് പ്രാദേശിക തലങ്ങളിൽ നിന്നും വിദേശ സ്രോതസ്സുകളിൽ നിന്നും വരുന്ന നാണയങ്ങൾക്കും ബാങ്ക് നോട്ടുകൾക്കും 14 മുതൽ 20 ദിവാരം വരെ ക്വാറന്റൈൻ നടപ്പിലാക്കുന്നതെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സമ) അറിയിച്ചു.
നോട്ടുകളും നാണയങ്ങളും ക്വാറന്റൈൻ ചെയ്യുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന വീഡിയോയും സമ പുറത്തിറക്കി. കടലാസ് നോട്ടയാലും മെറ്റൽ നാണയമായാലും അണുവിമുക്തമാക്കി ഐസൊലേറ്റ് ചെയ്ത് സൂക്ഷിക്കും. എവിടെ നിന്നാണ് വരുന്നത് എന്നനുസരിച്ചാണ് എത്ര ദിവസം ക്വാറന്റൈൻ ചെയ്യണമെന്ന് തീരുമാനിക്കുക.
ആളുകൾക്കിടയിൽ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പായാൽ മാത്രമേ ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്ത് വിടൂ എന്ന് സമ വ്യക്തമാക്കി. യന്ത്രങ്ങൾ ഉപയോഗിച്ചായിരിക്കും ഇവ വേർതിരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുകയെന്നും അവർ പറഞ്ഞു. ഗുണനിലവാരമില്ലാത്തതും വൃത്തിയില്ലാത്തതുമായ നോട്ടുകൾ അപ്പോൾ തന്നെ നശിപ്പിക്കും.
