Hot Posts

6/recent/ticker-posts

വായ്പുണ്ണ്...സിമ്പിളാണ്...ബട്ട് പവര്‍ഫുള്‍



ജാവ സിമ്പിളാണ്...ബട്ട് പവര്‍ഫുള്‍...അതുപോലെയാണ് വായ്പുണ്ണിന്റെ കാര്യവും...സിമ്പിളാണ്...പക്ഷെ വളരെ പവര്‍ഫുള്‍....ജീവിതത്തില്‍ ഒരു തവണയെങ്കിലും വായ്പുണ്ണിന്റെ വേദനയുടെ സുഖം അനുഭവിച്ചിട്ടുണ്ടെങ്കില്‍ എന്റെ സാറേ...ചുറ്റും ഉള്ളതൊന്നും പിന്നെ കാണാനേ പറ്റില്ല...അത്രക്ക് വേദനയാണ് ഈ ഇത്തിരി കുഞ്ഞന്. ഭക്ഷണം കഴിക്കാനോ, നേരെ ചൊവ്വേ സംസാരിക്കാനോ എന്തിനേറെ മര്യാദക്ക് ഒന്ന് പല്ലു പോലും തേക്കാന്‍ പറ്റില്ല ഈ സമയത്ത്. 

ആദ്യം ഒരു ചെറിയ വേദനയോടെയുള്ള ചെറിയ ഒരു പൊട്ടല്‍ മാത്രമാകും വായ്പുണ്ണ് വായില്‍ വരുക. എന്നാല്‍ പിറ്റേ ദിവസം ആകുമ്പോഴേക്കും ചുവന്ന് തുടുത്ത് അങ്ങ് സുന്ദരനായിരിക്കും കക്ഷി. പിന്നെയാണ് വേദന അങ്ങ് തുടങ്ങുക. ഒരു വായ്പുണ്ണ് ആണെങ്കില്‍ പിന്നെയും സഹിക്കാം..ഇത് ഒന്നില്‍ കൂടുതല്‍ ആണെങ്കിലോ..? ഈ സമയത്ത് ആരെങ്കിലും സംസാരിക്കാന്‍ വ്‌നനാല്‍ തന്നെ മറുപടിയായ് മൂളികൊണ്ട് ഇരിക്കാന്‍ അല്ലാതെ യാതൊന്നും വേറെ ചെയ്യാനുമില്ല. മറുപടി മനസിലായാല്‍ഭാഗ്യം..അത്രതന്നെ...ഏകദേശം ഒരാഴ്ച വേണം വായ്പുണ്ണ് ശരിക്കൊന്ന് കരിഞ്ഞു വരാന്‍..അത് വരെ ഭക്ഷണം പോലും നേരാവണ്ണം കഴിക്കാതെ ഇരിക്കുന്ന അവസ്ഥ ഒന്നു വേറെ തന്നെയാണ്...കൂടെ ദേഷ്യവും.

വായ്പുണ്ണ്  (അഫ്ത്തെ/അഫ്ത്തസ് അള്‍സര്‍/റിക്കറെന്റ് അഫ്ത്തസ് സ്റ്റോമാടൈറ്റിസ്) ജനസംഖ്യയുടെ 20-50 ശതമാനത്തെ ബാധിക്കുന്ന വളരെ സാധാരണമായി കണ്ടു വരുന്ന ഒരു വദനരോഗമാണ്.  ഉയര്‍ന്ന ജീവിതനിലവാരം ഉള്ളവരില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. പല ഘടകങ്ങള്‍ മൂലം രോഗപ്രതിരോധ ശക്തിയില്‍ വരുന്ന നേരിയ വ്യതിയാനങ്ങള്‍ ആണ് വായ്പുണ്ണിനു കാരണം. 


ഏകദേശം 40 ശതമാനം ആളുകളില്‍ വായ്പുണ്ണ് പാരമ്പര്യമായി കണ്ടു വരുന്നു. അതായത് ഒരു കുടുംബത്തിലെ ഒന്നിലധികം ആളുകള്‍ക്ക് ഇത് ഉണ്ടാകാമെന്ന് സാരം. മറ്റൊരു പ്രധാന കാരണമായ് പറയുന്നത് 
മാനസിക സമ്മര്‍ദ്ദമാണ്. മൂര്‍ച്ചയുള്ള പല്ല്, ടൂത്ത് ബ്രഷ് എന്നിവ മൂലവും സാധാരണയായ് വായ്പുണ്ണ് ഉണ്ടാകുന്നു. വേദനാസംഹാരികള്‍ പോലെയുള്ള ചിലയിനം മരുന്നുകള്‍, അയണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ കുറവ്, ആര്‍ത്തവ സംബന്ധമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സോഡിയം ലൗറില്‍ സള്‍ഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ വായ്പ്പുണ്ണിനു കാരണമാകാം എന്നും ചില പഠനങ്ങള്‍ പറയുന്നു

വേദനയുള്ള വൃത്താകൃതിയിലുള്ള ചെറിയ മുറിവുകള്‍ ആണ് പ്രധാന രോഗലക്ഷണം. മുറിവുകളുടെ മധ്യഭാഗം മഞ്ഞയും ചുറ്റും ചുവപ്പു നിറവും ആയി കാണപ്പെടുന്നു. ബാല്യത്തിലോ കൗമാരത്തിലോ ആണ് രോഗം ആരംഭിക്കുക. പ്രധാനമായും മൂന്ന് തരത്തിലുള്ള വായ്പുണ്ണാണ് ഉള്ളത്.

1. മൈനര്‍ അഫ്ത്തെ (മിക്‌ളിക്സ് അള്‍സര്‍)

10 മുതല്‍ 40 വയസ്സ് വരെ ഉള്ളവരിലാണ് മൈനര്‍ അഫ്ത്തെ കാണപ്പെടുന്നത്. താരതമ്യേന വേദന കുറവാണ് ഈ ഇനത്തിന്. ചുണ്ട്, കവിള്‍, നാക്കിന്റെ അടിഭാഗം, വായയുടെ അടിത്തട്ട് എന്നീ ചലിപ്പിക്കാവുന്ന ശ്ലേഷ്മ പടലത്തിലാണ് മുറിവുകള്‍ ഉണ്ടാകുന്നത്. ചെറിയ (24 മില്ലിമീറ്റര്‍)1 മുതല്‍ 6 വരെ മുറിവുകള്‍ ഇത്തരത്തില്‍ ഉണ്ടാകാം. 7 മുതല്‍ 10 ദിവസം കൊണ്ട് ഇവ തഴമ്പുകള്‍ അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. എന്നാല്‍ വീണ്ടും ഇതേ രീതിയില്‍ രോഗം കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തിരിച്ചു വരുന്നു.

2. മേജര്‍ അഫ്ത്തെ (സട്ടന്‍ അള്‍സര്‍/പെരിഅടിനിറ്റീസ് മുക്കോസ നെക്രോറ്റിക്ക റിക്കറന്‍സ്)


ഇവ ഒരു സെന്റിമീറ്ററില്‍ കൂടുതല്‍ വലുതും, കൂടുതല്‍ വേദനാജനകവും ആണ്. വായ്ക്കുള്ളില്‍ എവിടെയും ഇത്തരം പുണ്ണുകള്‍ ഉണ്ടാകാം. 1 മുതല്‍ 6 വരെ മുറിവുകളേ ഒരു സമയം ഉണ്ടാകാറുണ്ടെങ്കിലും മൈനര്‍ അഫ്ത്തെയെക്കാള്‍ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുകയും ഭേദമാകുമ്പോള്‍ തഴമ്പുകള്‍ അവശേഷിപ്പിക്കുകയും, അടിക്കടി രോഗം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

3. ഹെര്‍പിറ്റിഫോം അഫ്ത്തെ

മറ്റു രണ്ടിനങ്ങളെ അപേക്ഷിച്ചു ചെറുപ്പക്കാരില്‍ പ്രത്യേകിച്ച് യുവതികളിലാണ് ഇത്തരം വായ്പുണ്ണ് കണ്ടു വരുന്നത്. വളരെ ചെറിയ (2 മില്ലിമിറ്റര്‍) 10 മുതല്‍ 100 വരെ കുമിളകള്‍ കൂട്ടമായി പ്രത്യക്ഷപ്പെടുന്നു, പിന്നീട് ഇവ ചെറിയ മുറിവുകളുടെ കൂട്ടങ്ങളായി മാറി ഏകദേശം ഒരു മാസം കൊണ്ട് ഭേദമാകുന്നു. വായ്ക്കുള്ളില്‍ എവിടെയും ഇതുണ്ടാകാം. രോഗലക്ഷണങ്ങള്‍ക്കു ഹെര്‍പിസ് അണുബാധയുമായി അടുത്ത സാമ്യം ഉള്ളതാണ് ഈ പേര് വരാന്‍ കാരണം.

മറ്റു പല രോഗങ്ങളുടെയും ലക്ഷണമായും വായ്ക്കുളളിലെ മുറിവുകള്‍ കണ്ടു വരുന്നു. ഹെര്‍പ്പിസ് വൈറസ് ബാധ, ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസ് (തക്കാളി പനി), ഹെര്‍പാഞ്ചിന, പെംഫിഗസ്, ബെഷെറ്റ് ഡിസീസ്, സിസ്റ്റമിക് ലൂപസ് എരിതിമറ്റോസിസ്, സ്വീട്സ് സിന്‍ഡ്രോം, എരിതീമാ മള്‍ട്ടിഫോമി, മരുന്നുകളോടുള്ള സ്റ്റീവന്‍സ് ജോണ്‍സണ്‍സ് സിന്‍ഡ്രോം പോലെയുള്ള അലര്‍ജി, ഒകഢ അണുബാധ, സൈക്ലിക് ന്യൂട്രോപീനിയ, ഉദരരോഗങ്ങള്‍ എന്നിവയാണ് പ്രധാനം.

വായിലെ മുറിവുകള്‍ കൂടാതെ ചര്‍മ്മത്തിലും മറ്റു ശ്ലേഷ്മസ്തരങ്ങളിലും മുറിവുകള്‍ ഉണ്ടാകുന്ന രോഗമാണ് പെംഫിഗസ്. ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളൈറ്റിസ്, സിലിയാക് ഡിസീസ് എന്നീ ഉദരരോഗങ്ങളില്‍ വായിലെ മുറിവിനോടൊപ്പം വയറുവേദന, വയറിളക്കം, ക്ഷീണം, തൂക്കം കുറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാകും. ബെഷെട്സ് ഡിസീസില്‍ വായ്പുണ്ണിനൊപ്പം ജനനേന്ദ്രിയങ്ങളിലും മുറിവുകള്‍ കണ്ടു വരുന്നു, കൂടാതെ കണ്ണുകളെയും, നാഡീവ്യൂഹത്തെയും സന്ധികളെയും ഈ രോഗം ബാധിക്കാം. വേദനയില്ലാത്ത വായിലെ മുറിവുകള്‍ക്കൊപ്പം സന്ധികള്‍, വൃക്ക മുതലായവയെയും ബാധിക്കുന്ന രോഗമാണ് സിസ്റ്റമിക് ലൂപസ് എരിതിമറ്റോസിസ്. മാസങ്ങളോളം ഉണങ്ങാതെ നില്‍ക്കുന്ന മുറിവുകള്‍ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണവുമാകാം.

രോഗനിര്‍ണയം

രോഗനിര്‍ണയം പ്രധാനമായും ലക്ഷണങ്ങളില്‍ അധിഷ്ടിതമാണ്. രോഗാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെ കണ്ടു പിടിക്കാന്‍ രക്തത്തിലെ കൗണ്ട്, ഹീമോഗ്ലോബിന്‍, അയണ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ തോത് എന്നീ പരിശോധനകള്‍ ചെയ്യാവുന്നതാണ്. പെംഫിഗസ്, വായിലെ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉറപ്പാക്കാന്‍ ബയോപ്സി പരിശോധന നിര്‍ബന്ധമാണ്. മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണം ആകാം എന്നു സംശയിക്കുന്ന പക്ഷം അതാതു രോഗത്തിനുള്ള പരിശോധനകളും വേണ്ടി വന്നേക്കാം.

ചികിത്സ

മിക്കവാറും എല്ലാ രോഗികളിലും പ്രായം കൂടും തോറും രോഗലക്ഷണങ്ങള്‍ സ്വയം കുറഞ്ഞു ഇല്ലാതാകുന്നു. രോഗാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ അവ ഒഴിവാക്കുകയോ ചികിത്സാ വിധേയമാക്കുകയോ ചെയ്യണം. വായിലെ ശുചിത്വം മുറിവുകള്‍ ഭേദമാകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ക്ലോര്‍ഹെക്സിഡിന്‍ പോലെയുള്ള ആന്റിസെപ്റ്റിക് മൗത്ത് വാഷുകള്‍ ഇതിനായി ഉപയോഗിക്കാം. സ്റ്റിറോയ്ഡ്, ആന്റിബയോട്ടിക്, വേദനാസംഹാരി ലേപനങ്ങളും, വിറ്റാമിന്‍ ബി കോംപ്ലക്സ്, സിങ്ക് ഗുളികകളും ഫലപ്രദമാണ്. മുറിവുകളുടെ വേദന കുറയ്ക്കാനും രോഗശമനം ത്വരിതപ്പെടുത്താനും ലേസര്‍ ചികിത്സ ലഭ്യമാണ്.

കൂടാതെ നമുക്ക് നാടന്‍ വസ്തുക്കള്‍ ഉപയോഗിച്ചും വായ്പുണ്ണ് കുറയ്ക്കാം.

മോര് : വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് മോര്. വായ്പ്പുണ്ണുള്ള സമയങ്ങളില്‍ നല്ല പുളിയുള്ള മോര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാന്‍ നല്ലതാണ്.



തേന്‍: വായ്പ്പുണ്ണ് മാറ്റാന്‍ മറ്റൊരു പ്രതിവിധിയാണ് തേന്‍. പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ സൗന്ദര്യത്തിന് മാത്രമല്ല ഇത്തരം ഒറ്റമൂലികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. വായ്പ്പുണ്ണായ വ്രണങ്ങളില്‍ തേന്‍ പുരട്ടിയാല്‍ നല്ലതാണ്.

ബേക്കിംഗ് സോഡ: വായ്പ്പുണ്ണുള്ള ഭാഗത്ത് ബേക്കിം?ഗ് സോഡ പുരട്ടുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടാന്‍ ശ്രമിക്കുക.

തേങ്ങപ്പാല്‍: തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ഇത് കൊണ്ട് ദിവസവും നാലോ അഞ്ചോ പ്രാവിശ്യം കവിള്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.

കറ്റാര്‍ വാഴ: കറ്റാര്‍ വാഴയുടെ നീര് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്‌നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു.


തൈര്: വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് തൈര്. ഇതിലുള്ള പ്രകൃതിദത്തമായ ബാക്ടീരിയയാണ് വായില്‍ പുണ്ണുണ്ടാക്കുന്ന കാരണത്തെ വേരോടെ ഇല്ലാതാക്കുന്നത്. ഇത് വായിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.

ഉപ്പിട്ട വെള്ളം: ഉപ്പ് പല രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഉപ്പിട്ട വെള്ളം. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.





Reactions

MORE STORIES

കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
'ചേര' ഇനി സംസ്ഥാന പാമ്പ്; ശുപാർശ ചെയ്ത് വനം വകുപ്പ്
മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലസ്സി ജൂൺ 20 ന് പ്രവിത്താനം സെന്റ് മൈക്കിൾസിൽ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു
കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം