എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നല്‍കാന്‍ ക്യാരറ്റ് ഗുണം ചെയ്യും. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും.
പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്റി ഓക്‌സിഡുകള്‍ക്ക് സാധിക്കും. കണ്ണിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ എ. ക്യാരറ്റ്, മത്തങ്ങ പോലുള്ള പച്ചക്കറികളില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ നല്ല കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് ക്യാരറ്റ്. മുഖം കൂടുതല്‍ നിറം വയ്ക്കാനും ക്യാരറ്റ് സഹായിക്കുന്നു. ക്യാരറ്റ് പേസ്റ്റ് രൂപത്തിലാത്തി മുഖത്തിട്ടാല്‍ നിറം വര്‍ധിക്കാന്‍ സഹായിക്കും.
ദഹനപ്രക്രിയക്ക് ശേഷം നാം കഴിച്ച ഭക്ഷണത്തിലെ അവശേഷിക്കുന്ന ചില അവശിഷ്ടങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. ഇവ കോശങ്ങളെ നശിപ്പിക്കാന്‍ വരെ സാധ്യതയുണ്ട്. ആന്റിഓക്‌സിഡന്റ് അംശം അടങ്ങിയിരിക്കുന്ന ക്യാരറ്റ് കഴിക്കുന്നത് ഈ ദാതുക്കളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിലൂടെ ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിനെ ഒരു പരിധി വരെ തടയാം. ക്യാരറ്റ് കഴിക്കുന്നത് ഉദരാശയ കാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ക്യാരറ്റ് ജ്യൂസിന് രക്താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
കാരറ്റ് ഓറഞ്ച്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ വിളയുന്നുണ്ട്. ഇവയിലെ കരോറ്റനോയ്ഡ്‌സ് എന്ന ഘടകം സ്തനാര്‍ബുദ സാധ്യത ഏറെ കുറക്കുന്നു. സ്തനാര്‍ബുദ രോഗികളില്‍ നടത്തിയ പഠനങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തത്തില്‍ കരോറ്റനോയ്ഡിന്റെ അംശം വര്‍ധിച്ചതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടും കാന്‍സര്‍ വരാനുള്ള സാധ്യതയെ കുറക്കുന്നു. പ്രതിദിനം എട്ട് ഔണ്‍സ് വീതം കാരറ്റ് ജ്യുസ് തുടര്‍ച്ചയായി മൂന്നാഴ്ച കഴിച്ചവരില്‍ ആയിരുന്നു പഠനം നടത്തിയത്.
ദിവസവും ഓരോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാല്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ശരീരത്തിന് ദോഷകരമായ ബാക്ടീരിയ, വൈറസ് എന്നിവയെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറല്‍സും എല്ലുകളുടെ ആരോഗ്യത്തിനും, നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തിനും ഊര്‍ജം പകരും.
ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടുതലാണ്. ഇത് ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്തമക്കുമുള്ള സാധ്യത കുറക്കുന്നു. കൊറിയയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിച്ചത്. കാരറ്റ് ജ്യൂസിലൂടെ ഒരേസമയം കരോട്ടിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, തുടങ്ങി ഒന്നിലധികം പോഷക ഗുണം ലഭിക്കുന്നു.
അതേസമയം, പച്ച കാരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പച്ച ക്യാരറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍, ഉപയോഗം അമിതമായാല്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരറ്റിന് നിറം നല്‍കുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതല്‍ ഗുണമുള്ളതാക്കുന്നത്.
എന്നാല്‍ പച്ച ക്യാരറ്റ് കഴിക്കുന്നതിലൂടെ രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാകും എന്നതാണ് പ്രധാന പ്രശ്നം. കരോട്ടിന്‍ രക്തത്തില്‍ കലരുമ്പോള്‍ ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറുന്നതും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതിന്റെ അമിതമായ ഉപയോഗം ചിലരില്‍ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉറക്കമില്ലായ്മ, ആശങ്ക എന്നിവയ്ക്കും കാരണമാകാം. ഒപ്പം കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായതിനാല്‍ പ്രമേഹ രോഗികള്‍ കാരറ്റ് ശീലമാക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷഫലങ്ങളാകും സമ്മാനിക്കുക.



