കൊച്ചി: പോക്സോ കേസിലെ പ്രതിയായ കോവിഡ് ബാധിതൻ നഴ്സിന്റെ മൊബൈൽ ഫോണുമായി മുങ്ങി. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. രക്ഷപെടുന്ന സമയത്ത് കാവി മുണ്ടും ചുവന്ന ഷർട്ടുമാണ് ധരിച്ചിരുന്നത്. മുടി നീട്ടി വളർത്തിയിട്ടുണ്ട്.
നെടുമ്പാശേരിയിൽ കോവിഡ് പോസിറ്റീവായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിഞ്ഞ കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തുരാമകൃഷണനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നത്.
പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നെടുമ്പാശേരി സിയാൽ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതിയെ കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ അങ്കമാലി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
