Hot Posts

6/recent/ticker-posts

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു


കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം.  മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോൺ പോൾ. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയിൽ കരുത്താക്കിയ ജോൺ പോൾ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു.



സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു.



നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.


മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘എംടി ഒരു അനുയാത്ര’, പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതൻ തിരക്കഥകൾ, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവർ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദർശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, വിഗ്രഹഭഞ്ജകർക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, സ്മൃതി ചിത്രങ്ങൾ, വസന്തത്തിന്റെ സന്ദേശവാഹകൻ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്. ഭാര്യ: ഐഷ എലിസബത്ത്, മകൾ: ജിഷ ജിബി.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ