പാലാ: കെറെയിൽ പദ്ധതിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പാലാ മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് പ്രതിഷേധമാർച്ച് നടത്തി. സിവിൽ സ്റ്റേഷൻ വളപ്പിലേയ്ക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി.
നഗരത്തിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ സിവിൽ സ്റ്റേഷൻ പരിസരത്തേയ്ക്ക് എത്തിയത്. കെ റെയിൽ എന്നെഴുതിയ കുറ്റി സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തകരെത്തിയത്. സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് അൽപസമയം ഉന്തും തള്ളുമുണ്ടായി.
തുടർന്ന് നടന്ന യോഗം ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. കേരളത്തെ രണ്ടായി വിഭജിക്കുന്ന കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കാത്ത പദ്ധതിയാണ് ഇതെന്ന് ബിജു പറഞ്ഞു.
പാലാ വഴി കെ റെയിൽ വരുന്നില്ലെങ്കിലും, പാത കടന്നുവരുന്ന ഭാഗങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നത് കണക്കിലെടുത്താണ് സമരമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി ജോസ് മുഖ്യപ്രഭാഷണം നടത്തി.