കൊല്ലം തഴുത്തലയിൽ യുവതിയെയും മകനെയും വീട്ടിൽനിന്ന് ഇറക്കിവിട്ട കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മൂത്ത മരുമകളും. ഭർതൃവീട്ടുകാർ കൊല്ലാൻ ശ്രമിച്ചതായും വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും മൂത്ത മരുമകൾ വിമി ആരോപിച്ചു.
തന്റെ സ്വർണവും പണവും ഭർതൃവീട്ടുകാർ കൈവശപ്പെടുത്തിയെന്നും വിമി ആരോപിച്ചു. ഇന്നലെ വൈകിട്ട് വീട്ടിൽനിന്ന് ഇറക്കിവിട്ട അതുല്യയുടെ ഭർത്താവ് പ്രതീഷ് കുമാറിന്റെ ചേട്ടൻ പ്രസീദ് കുമാറിന്റെ ഭാര്യയാണ് വിമി.
തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടുകാർ ഇന്നലെ വൈകിട്ട് പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിലാണ്.
സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ പറയുന്നു. നിലവിൽ ഗുജറാത്തിലുള്ള ഭർത്താവ് പ്രതീഷ് കുമാർ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നും അതുല്യ പറയുന്നു.
തന്റെ പണവും സ്വർണവും ഉപയോഗിച്ച് നിർമിച്ച വീട്ടിൽനിന്ന് ഇറക്കിവിട്ടുവെന്ന ആരോപണമാണ് അതുല്യ ഉന്നയിക്കുന്നത്. ഇതേ ആരോപണം തന്നെയാണ് വിമിയും ഉന്നയിക്കുന്നത്.
ഇതേ വളപ്പിൽത്തന്നെ ഭർതൃവീട്ടുകാർ പണിതിരിക്കുന്ന മറ്റൊരു വീട് തന്റെ പണവും സ്വർണവും ഉപയോഗിച്ച് നിർമിച്ചതാണെന്ന് വിമി ചൂണ്ടിക്കാട്ടുന്നു. അതിനുശേഷം ആ വീട്ടിൽനിന്ന് തന്നെ ഇറക്കിവിട്ടുവെന്നാണ് വിമിയുടെ ആരോപണം.