നാടിനെ നടുക്കിയ വടക്കഞ്ചേരി അപകടത്തിനു വഴിവച്ച ലൂമിനസ് ബസ് നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച് മോട്ടർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഡ്രൈവർക്കെതിരെ മനപൂർവമായ നരഹത്യയ്ക്ക് കേസെടുത്തനിന് പുറമേ ഉടമയ്ക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകി.
അമിതവേഗമാണ് അപകടത്തിന് കാരണമെന്നും സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുമുൻപ് ബസ് 97.7 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നു വ്യക്തമായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ബുധനാഴ്ച രാത്രി 11.30ന് ബസിന്റെ ജിപിഎസിൽ രേഖപ്പെടുത്തിയ വേഗമാണിത്.
മുന്നിലുണ്ടായിരുന്ന കാറിനെയും കെഎസ്ആർടിസി ബസിനെയും ഒരുമിച്ച് ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമമാണു ദുരന്തത്തിൽ കലാശിച്ചത്. ടൂറിസ്റ്റ് ബസ് ആദ്യം ഇടതു വശത്തു കൂടി കാറിനെ ഓവർടേക്ക് ചെയ്തു. ഇതോടെ കെഎസ്ആർടിസി ബസിനു തൊട്ടുപിന്നിലെത്തി.
ഈ സമയം ബ്രേക്ക് ചവിട്ടാതെ കാറിനും കെഎസ്ആർടിസി ബസിനും ഇടയിലൂടെ മുന്നോട്ടു കയറാൻ ശ്രമിച്ചപ്പോൾ കെഎസ്ആർടിസിയുടെ പിൻവശത്ത് ഇടിക്കുകയായിരുന്നു. ആദ്യം തന്നെ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ തെറിച്ച് വീണിരിക്കാമെന്നും ഇതോടെ നിയന്ത്രണം പൂർണമായി നഷ്ടമായി ബസ് മറിഞ്ഞെന്നുമാണ് കണ്ടെത്തൽ.