ഒമ്പതുപേര്‍ മരിച്ച വടക്കഞ്ചേരി അപകടത്തിൽ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോന്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ റിപ്പോര്‍ട്ട്.
അപകടമുണ്ടായ സ്ഥലത്തിന് 200 മീറ്റര്‍ മുന്നെയാണ് കെ.എസ്.ആര്‍.ടി.സി ബസ് ആളെ ഇറക്കാന്‍ നിര്‍ത്തിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നത്. അതുകൊണ്ടുതന്നെ വീണ്ടും ബ്രേക്കിടേണ്ട ആവശ്യമുണ്ടായിരുന്നില്ലന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല ബസ്സിന്റെ വേഗവും കുറവായിരുന്നു.
അതേസമയം ടൂറിസ്റ്റ് ബസ്സിന് അപകട സമയത്ത് ശരാശരി വേഗത്തേക്കാള്‍ ഏറെക്കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബസ്. 84.4 കിമി ആയിരുന്നു ശരാശരി വേഗം. ഇതടക്കം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടും ഇന്ന് (ഒക്ടോബർ 8) സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍നടപടികള്‍.