മാർച്ച്, ഏപ്രിൽ മാസത്തിൽ കോട്ടയം ജില്ലയിൽ ചൂട് പ്രതീക്ഷിച്ചതിലും കുറയുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ത്രൈമാസ റിപ്പോർട്ട്. വേനൽ മഴയ്ക്കുള്ള സാധ്യത പ്രവചന റിപ്പോർട്ടിലുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തിൽ ജില്ലയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂടാണ്.
ഇരുചക്ര വാഹന യാത്രക്കാർ, ട്രാഫിക് പൊലീസുകാർ, ഓട്ടോ–ടാക്സി തൊഴിലാളികൾ, നിർമാണത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്ക് പ്രവചനം താൽക്കാലിക ആശ്വാസമാകും.
അതേസമയം കോട്ടയം നഗരത്തിലെ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസായിരുന്നു.രാത്രി മുതൽ പുലർച്ചെ വരെ കനത്ത മഞ്ഞ്, പിന്നെ പൊള്ളുന്ന ചൂട്; മാസങ്ങളായി ജില്ലയിലെ കാലാവസ്ഥ ഇതാണ്. മികച്ച മഴ ലഭിച്ച മൺസൂൺ കഴിഞ്ഞുപോയെങ്കിലും ജില്ലയിലെ നദികളെല്ലാം വറ്റിത്തുടങ്ങി.
താപനില വർധിക്കുന്നതിനാൽ ജലലഭ്യത ശരീരത്തിൽ ഉറപ്പാക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കുന്നു. വയറിളക്കം, രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, ഛർദി എന്നിവയെ നിസ്സാരമായി കാണരുത്. ജലാംശമുള്ള ഭക്ഷണം കഴിക്കുക, രാവിലെ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നതിൽ നിന്നു മാറി നിൽക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ പ്രവർത്തകർ നൽകുന്നു.










