തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ വലഞ്ഞ് തലസ്ഥാനം. യു.ഡി.എഫും ബി.ജെ.പി.യും സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധം കടുപ്പിച്ചു. നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു.
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി ആചരിച്ചാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകളും പ്രതിഷേധക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗെയ്റ്റിലൂടെ മാത്രമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രവേശനമുള്ളത്. ഗെയ്റ്റുകള്‍ക്കു മുന്നില്‍ യു.ഡി.എഫ്. നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
യു.ഡി.എഫ്. സമരം വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിന്റെ മുന്‍നിരയിലുണ്ട്.