ഇടയാറ്റ് ബാലഗണപതി പ്രതിഷ്ഠ
പാലാ: ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷവും ഉണ്ണിയൂട്ടും ഈമാസം 20ന് ആഘോഷിക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രസാദമൂട്ട്, സംഗീതാരാധന എന്നിവയാണ് മറ്റ് പ്രധാന പരിപാടികൾ.
രാവിലെ 5 മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഷ്ടാഭിഷേകം, തുടർന്ന് കല്ലമ്പള്ളിഇല്ലം ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ
അഷ്ടദ്രവ്യ മഹാഗണപതി ഹോമം എന്നിവ ഉണ്ടായിരിക്കും. തിരുവരങ്ങിൽ രാവിലെ 8.30 മുതൽ ചെമ്പൈ സംഗീത സഭയുടെ പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധനയും നടക്കും. 11 മുതൽ ഉണ്ണിയൂട്ട് തുടർന്ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ,അമ്മയുടെ മടിയിലിരിക്കുന്ന ബാലഗണപതിയുടെ ഭാവത്തിൽ ആയതിനാൽ ഇവിടെ ഉണ്ണിയൂട്ടിന് ഏറെ പ്രാധാന്യമുണ്ട്.
ആറ് വയസിൽ താഴെയുള്ള കുട്ടികളാണ് ഉണ്ണിയൂട്ടിൽ പങ്കെടുക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉപദേശക സമിതി പ്രസിഡന്റ് പി.ബി. ഹരികൃഷ്ണൻ പുരയിടത്തിൽ, വിനേഷ് കെ.ആർ. കൂനാനിയിൽ, കെ.ടി.മനോജ്, പങ്കജാക്ഷൻ പൈങ്ങനാമഠത്തിൽ, രാജു ശ്രീനിലയം, ടി.എൻ. രാജൻ, പി.കെ.സോമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.