ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച മെയ്ദിന റാലി എഐടിയുസി ജില്ലാ വൈസ് പ്രസിഡൻറ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്താനും, വഴിതിരിച്ചുവിടാനും ഉദ്ദേശിച്ചുകൊണ്ട് വിഷലിപ്ത്വവും വിഭാഗീയത വളർത്തുന്നതുമായ കുതന്ത്രങ്ങളെയും, ഗൂഢാലോചനകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് നിർണായകമാണ്. രാജ്യത്ത് വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാൻ മതതീവ്രവാദികൾ പലതരത്തിലും ശ്രമിക്കുമ്പോൾ ജനാധിപത്യ സംസ്കാരത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയും ഈ മെയ്ദിനത്തിൽ നാം പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയതലത്തിൽ തൊഴിലാളിവർഗ്ഗം തുടരുന്ന പ്രക്ഷോഭങ്ങളുടെ അടുത്തഘട്ടം എന്നോണം മെയ് 20ന് ദേശീയ പൊതു പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. പിന്തിരിപ്പൻ ലേബർ കോഡുകളെ പരാജയപ്പെടുത്തുന്നതിനും വിനാശകരമായ നവ ലിബറൽ നയങ്ങൾക്ക് ബദലായുള്ള 17 ഇന അവകാശ പത്രിക അംഗീകരിക്കുന്നതിനും ജനാധിപത്യത്തെയും രാജ്യത്തെയും ഭരണഘടനയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഈ ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം എന്ന സന്ദേശം നൽകി എഐടിയുസി ജില്ലാവൈസ് പ്രസിഡൻറ് ബാബു K ജോർജ് മെയ്ദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ കെ മുജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.റ്റിയു സി മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് സുനിൽ, ഷമ്മാസ് ലത്തീഫ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, കെ വി എബ്രഹാം, കെ ശ്രീകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ എസ് നൗഷാദ്, മിനിമോൾ ബിജു, പി രാമചന്ദ്രൻ നായർ, സിഎസ് സജി, ജോസ് മാത്യു, കെ എം പ്രശാന്ത്, പി എസ് രതീഷ്, ഓമന രമേശ്, പത്മിനി രാജശേഖരൻ, എം എം മനാഫ്, ആർ രതീഷ്, എം ജെ ബിജു, കെ കെ സഞ്ജു, റെജീന സജിൻ, സഹദ് കെ സലാം തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി.