കോട്ടയം: സംരംഭ പ്രോത്സാഹനനടപടികളുടെ ഭാഗമായി പൂഞ്ഞാറിലെ നിക്ഷേപ, സംരംഭക സാധ്യതകൾ വികസിപ്പിക്കുന്നതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുൻകൈയെടുത്തു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപസംഗമം നടത്തുന്നു. റൈസിങ് പൂഞ്ഞാർ എന്ന പേരിൽ ജൂൺ ഒൻപതിന് ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിലാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നിക്ഷേപ സംഗമം നടത്തുന്നത്.
വിനോദസഞ്ചാര വ്യവസായം, അഗ്രി ഫുഡ് വ്യവസായം, ഇൻഫർമേഷൻ ടെക്‌നോളജി, സുഗന്ധവ്യജ്ഞന വ്യവസായങ്ങൾ, തടി അടിസ്ഥാനമാക്കിയ വ്യവസായങ്ങൾ ്എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും നിക്ഷേപസംഗമം നടത്തുന്നത്. നിക്ഷേപകർക്കും സംരംഭകർക്കും പിന്തുണ നൽകുന്നതിനുള്ള ഹെൽപ്‌ഡെസ്‌കുകളും വ്യവസായ പ്രദർശന മേളകളും നിക്ഷേപസംഗമത്തിന്റെ ഭാഗമായി നടക്കും. വ്യവസായ-നിയമ വകുപ്പുമന്ത്രി പി. രാജീവ്, സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ, ജല വിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കും.
മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു മേയ് 28ന് ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ സംഘാടകസമിതി രൂപീകരണം നടക്കും. നിക്ഷേപസംഗമവുമായി ബന്ധപ്പെട്ടു അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ. രാജേഷ്, ജി.എസ്.ടി. ജോയിന്റ് കമ്മിഷണർ ജെ. സുനിൽകുമാർ, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ.വി. സുധീർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷ്ി ഓഫീസർ സ്‌നേഹലത മാത്യൂസ്, തദ്ദേശ സ്വയം ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ പ്രോഗ്രാം മാനേജർ പ്രകാശ് ആർ. നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.