മുരിക്കുംവയൽ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി റീജണൽ ബിസ്സിനസ്സ് ഓഫീസ് മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരീസാ കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരീസാ കോളേജിൽ എഴുപത് വിദ്യാർത്ഥികളുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ എഴുപതിനായിരം പേരുടെ രക്തദാന ക്യാമ്പ് നടത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ചങ്ങനാശ്ശേരി റീജണൽ ബിസ്സിനസ്സ് ഓഫീസിൻ്റെ നേതൃത്വത്തിൽ മുരിക്കുംവയലിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ്. എഴുപത് പേരുടെ ആയിരം രക്തദാന ക്യാമ്പിലൂടെ എഴുപതിനായിരം പേരുടെ രക്തം ശേഖരിച്ച് ബ്ലഡ് ബാങ്കുകൾക്ക് നൽകുക എന്നതാണ് ബാങ്കിൻ്റെ ലക്ഷ്യം. പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് പ്രിൻസിപ്പാൾ ജിജീഷ് എം ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുണ്ടക്കയം മാനേജർ അർജുൻ ആർ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവിനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. എസ് ബി ഐ മുരിക്കുംവയൽ ബ്രാഞ്ച് മാനേജർ പ്രവീൺ ശശിധരൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഹരീഷ് കുമാർ വി ജി, അഖിൽജിത്ത് ബി, അരുൺ കെ ബാലൻ, ഡോക്ടർ മാമച്ചൻ വി ഡി, സിസ്റ്റർ ബിൻസി എഫ് സി സി, സിസ്റ്റർ മരീനാ ജോസ് എഫ് സി സി, സൂര്യാ എം, വോളണ്ടിയർ സെക്രട്ടറി അനന്ദ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.