പാലാ : ഡോക്ടേഴ്സ് ഡേയിലെ ഡോക്ടർമാരുടെ രക്തദാനം രക്തദാനരംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള ആദരവാണെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു. ഡോക്ടേഴ്സ് ഡേ ദിനാഘോഷവും രക്തദാന ക്യാമ്പും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു പരിധിവരെ ഡോക്ടർമാരെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് രക്തദാതാക്കളാണ്. ഇത്തരത്തിൽ രക്തം ദാനം ചെയ്യുന്ന എല്ലാവർക്കുമുള്ള സ്നേഹാദരവ് ആയിട്ട് ഈ രക്തദാന ക്യാമ്പിനെ കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.
പാലാ മരിയൻ മെഡിക്കൽ സെൻ്ററും പാലാ ബ്ലഡ് ഫോറവും പാലാ റോട്ടറി ക്ലബ്ബും ഐ എം എയും ചേർന്ന് മരിയൻ മെഡിക്കൽ സെൻ്ററിൽ ആണ് ദിനാഘോഷവും ക്യാമ്പും സംഘടിപ്പിച്ചത്.
ഹോസ്പിറ്റൽ അങ്കണത്തിൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഐ എം എ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. സിറിയക് തോമസ്, പാലാ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് മാത്തുക്കുട്ടി ജോസ്, റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ആൻ്റണി വൈപ്പന, പാലാ ബ്ലഡ് ഫോറം ജോയിൻ്റ് സെക്രട്ടറി സജി വട്ടക്കാനാൽ , ഹോസ്പിറ്റൽ ഓപ്പറേഷൻ മാനേജർ ബാബു സെബാസ്റ്റ്യൻ , ബ്ലഡ് ഫോറം ട്രഷറാർ പ്രഫ. സുനിൽ തോമസ്, സിസ്റ്റർ ബ്ലെസ്സി ജോസി എഫ് സി സി, സിസ്റ്റർ ബിൻസി എഫ് സി സി, ബ്ലഡ് ഫോറം ഡയറക്ടർമാരായ സാബു അബ്രാഹം, സൂരജ് പാലാ, ഷാജി തകിടിയേൽ എന്നിവർ പ്രസംഗിച്ചു.
ഡോക്ടർ ജോസ് ജോസഫ്, ഡോക്ടർ റ്റോണി തോമസ്, ഡോക്ടർ ജോളിമോൻ ജോർജ്, ഡോക്ടർ നിഥിൻ തോമസ്, ഡോക്ടർ ദാമോദർ കൃഷ്ണൻ തുടങ്ങിയ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് നടന്നത്.
രോഗികളെ നോക്കുന്നതിനിടയിലും വിശ്രമിക്കാതെയുള്ള ഡോക്ടർമാരുടെ രക്തദാനം മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവും ആയി. എല്ലാ ഡോക്ടർമാർക്കും പുഷ്പങ്ങൾ നൽകി പാലാ ബ്ലഡ് ഫോറം ആദരിക്കുകയും ചെയ്തു.