കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 12 മുതൽ 24 ന് ഉച്ചയ്ക്ക് 12 വരെ ഹെലികോപ്റ്ററുകളും ഡ്രോണുകളും, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ട്, പാലാ സെന്റ് തോമസ് കോളജ്, പാലാ മുനിസിപ്പൽ സ്റ്റേഡിയം, കോട്ടയം സി.എം.എസ് കോളജ് ഗ്രൗണ്ട്, കോട്ടയം നെഹ്റു സ്റ്റേഡിയം, കുമരകം താജ് ഹോട്ടൽ എന്നിവയുടെയും കോട്ടയം ജില്ലയിലെ മറ്റ് ഹെലിപ്പാഡുകളുടെയും സമീപ സ്ഥലങ്ങളുടെയും വ്യോമ മേഖലയിലാണ് നിരോധനം. 

വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല.