തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധം. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു പ്രശ്‌നത്തിനും മറുപടി പറയാന്‍ തയാറാണ്. പക്ഷേ അവര്‍ക്കു വസ്തുതകളെ ഭയമാണ്. വല്ലാത്ത പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ അതിനെ ഒന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്ന ശീലമാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതിയിലും അതേ നിലപാടാണ് സ്വീകരിച്ചത്. ശബരിമല വിവാദത്തില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അത് കുറ്റമറ്റ രീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. എന്നാല്‍ സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വനിത വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ ഉള്‍പ്പെടെ പ്രതിപക്ഷാംഗങ്ങള്‍ ആക്രമിക്കുന്ന അവസ്ഥയാണെന്നും അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കുന്നത് ദൗര്‍ബല്യമായി കണ്ടാണ് പ്രതിപക്ഷം അവസരങ്ങള്‍ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ ഗാലറിയില്‍ എത്തിയ സ്‌കൂള്‍ കുട്ടികള്‍ കണ്ടത് സ്പീക്കറെ തടസപ്പെടുത്തുന്നതാണെന്നും ഇത്തരം ജനാധിപത്യമാണോ കുട്ടികള്‍ പഠിക്കേണ്ടതെന്നും സ്പീക്കര്‍ ചോദിച്ചു.