കോഴിക്കോട് : നോമ്പുതുറയും നമസ്കാരവും വീടുകളിലൊതുങ്ങിയ ലോക്ക്ഡൗണിലെ റമദാൻ വ്രതം അവസാന നാളുകളിലേക്ക്. ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന ഇരുപത്തിയേഴാം രാവാണ് ഇന്ന്. റമദാനിലെ ഏറ്റവും പുണ്യമേറിയ ലൈലത്തുൽ ഖദ്ർ അഥവാ നിർണയത്തിന്റെ രാത്രിയായാണ് ഇരുപത്തിയേഴാം രാവിനെ കണക്കാക്കുന്നത്. ഇസ്ലാം വിശ്വാസ പ്രകാരം ഖുർആൻ അവതരിക്കപ്പെട്ട രാവാണ് ലൈലത്തുൽ ഖദ്ർ. ഈ ഒരു ദിവസത്തെ പ്രാർത്ഥനയ്ക്ക് 84 വർഷത്തെ പ്രാർഥനയുടെ പുണ്യം ലഭിക്കും എന്നാണ് പണ്ഡിതർ അഭിപ്രായപ്പെടുന്നത്.
ഇരുപത്തിയേഴാം രാവ് മുഴുവൻ ഭക്തിസാന്ദ്രമായ മനസോടെ പള്ളികളിലാണ് വിശ്വാസികൾ ചെലവഴിക്കുക. പള്ളികളിൽ പ്രാർത്ഥനയുമായി ഒത്തുചേരുന്ന ഇഅ്‌തികാഫാണ് ഈ രാവിലെ പ്രധാന ചടങ്ങുകളിലൊന്ന്. ഈ വർഷം കോവിഡ് വ്യാപനത്തെത്തുടർന്നുള്ള സാമൂഹിക അകല നിയന്ത്രങ്ങളുള്ളതിനാൽ വിശ്വാസികൾ ചടങ്ങ് വീടുകളിൽ തന്നെ നിർവഹിക്കണമെന്നാണ് മതനേതാക്കളും പണ്ഡിതരും ആവശ്യപ്പെടുന്നത്.
റമദാൻ മാസം അവസാന ദിനങ്ങളിലേക്കെത്തുന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമായിരുന്നു മുൻ വർഷങ്ങളിൽ കോഴിക്കോട് നഗരത്തിൽ ഉണ്ടായിരുന്നത്. ശവ്വാൽ മാസപ്പിറവി ഉറപ്പിച്ചാൽ ചെറിയ പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസം പുതു വസ്ത്രമെടുക്കാനും വിരുന്നൊരുക്കുന്നതിനുമുള്ള കൂട്ടുകൾ വാങ്ങുന്നതിനും ആയിരക്കണക്കിനാളുകളാണ് നഗരത്തിലെ കടകളിലെല്ലാം എത്തിയിരുന്നത്. എന്നാൽ കോവിഡ് വൈറസ് ഭീതിയെ തുടർന്ന് ഈ ആഘോഷ ദിനങ്ങളിൽ നഗരം വിജനമായി.
"കോവിഡ് കണക്കിലെടുത്ത് ലൈലത്തുൽ ഖദ്ർ നാളിലെ പ്രാർത്ഥനകൾ വീട്ടിൽ നിർവഹിക്കാനാണ് വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെരുന്നാൾ ദിന ആഘോഷങ്ങൾ ആരാധനയിലൊതുക്കാനാണ് പണ്ഡിതർ ആവശ്യപ്പെട്ടിരിക്കുന്നത്", സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സഈദ് മുഹമ്മദ് തുറാബ് അസഖാഫി പറഞ്ഞു.
മുൻ വർഷങ്ങളിൽ ഇരുപത്തിയേഴാം രാവ് പള്ളികളിലാണ് ചെലവഴിച്ചതെങ്കിൽ ഇത്തവണയത് വീട്ടിലെ പ്രാർത്ഥനകളിലേക്ക് മാറിയെന്നതാണ് കോവിഡ് വ്യാപനകാലത്തെ പ്രധാനമാറ്റമെന്ന് മുജാഹിദ് സംഘടനയായ ഐഎസ്എമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അൻവർ സാദത്ത് പറഞ്ഞു. റമദാൻ മാസത്തിലെ പ്രാർത്ഥനകൾ വീടുകളിലേക്ക് മാറിയതോടെ കുടുംബങ്ങളിൽ ഭക്തിയുടെ അന്തരീക്ഷം വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
"റമദാൻകാല പ്രഭാഷണങ്ങൾക്കും ദാനധർമ പ്രവർത്തനങ്ങൾക്കും ഓൺലൈൻ സംവിധാനങ്ങളെയാണ് ഈ വർഷം കാര്യമായി ആശ്രയിക്കുന്നത്. സക്കാത്ത്, സദക്ക എന്നിവ നൽകുന്നതിനായി ഓൺലൈൻ മണി ട്രാൻസ്ഫർ ഉപയോഗിക്കുന്നുണ്ട്. റമദാൻ മാസ പ്രഭാഷണങ്ങൾക്കായും സന്ദേശങ്ങൾക്കായും ഓൺലൈൻ മാധ്യമങ്ങളും ഉപയോഗിക്കുന്നു. യൂട്യൂബ് പോലത്തെ വീഡിയോ ഷെയ്റിങ് സംവിധാനങ്ങൾക്ക് പുറമെ റേഡിയോ ഇസ്ലാം എന്ന പ്രത്യേക ഓൺലൈൻ റേഡിയോയും കേരള നദ്വത്തുൽ മുജാഹിദീൻ(കെഎൻഎം) ഇതിനായി ഉപയോഗപ്പെടുത്തുന്നു.", ഡോ.അൻവർ സാദത്ത് പറഞ്ഞു.
ഇരുപത്തിയേഴാം രാവിലെ പ്രഭാഷണങ്ങൾ ഇത്തവണ ഓൺലൈൻ വഴിയാക്കി മാറ്റിയതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇകെ, എപി വിഭാഗം സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രി 10 മണിയോടെയാണ് ഇകെ വിഭാഗത്തിന്റെ പ്രഭാഷണം ഫേസ്ബുക്ക് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യുക.
എപി വിഭാഗത്തിന്റെ മുൻകൈയിൽ ഇരുപത്തിയേഴാം രാവിൽ നടത്തിവരാറുള്ള റമദാൻ പ്രഭാഷണം ഇത്തവണ വീഡിയോ സ്ട്രീമിംഗ് വഴി നടത്തുമെന്ന് സഈദ് മുഹമ്മദ് തുറാബ് അസഖാഫി പറഞ്ഞു. "സക്കാത്ത്, സദക്ക ദാനപ്രവർത്തനങ്ങൾ നടത്തുന്നത് പ്രാദേശിക യൂണിറ്റുകൾ വഴിയാണ്. അർഹരായവരെ കണ്ടെത്തി അവരുടെ വീടുകളിൽ സഹായമെത്തിക്കാനുള്ള സംവിധാനം പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. പെരുന്നാളിന് പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് പകരം ഉള്ളതിൽ നല്ല വസ്ത്രം ധരിക്കാനാണ് വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്", അദ്ദേഹം പറഞ്ഞു.
ഒത്തുചേരലിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹവും സന്തോഷവും പങ്കിടുന്നതിന്റെയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാൾ. കഴിഞ്ഞ വർഷങ്ങളിൽ വിശ്വാസികളാൽ നിറഞ്ഞിരുന്ന കോഴിക്കോട് നഗരം കൊറോണ ഭീതിയെ തുടർന്ന് ഇക്കൊല്ലം വിജനമായിരിക്കും.
